പത്തനംതിട്ട: കോന്നിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ പള്ളിയുടെ മതിലിലേക്ക് ഇടിച്ച് കയറി.
ഉച്ചയോടെയായിരുന്നു സംഭവം. ഇരു വാഹനങ്ങളുടെയും അമിത വേഗമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. മുൻപിൽ പോകുകയായിരുന്ന വാഹനത്തെ അമിത വേഗതയിൽ എത്തിയ കെഎസ്ആർടിസി മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ പള്ളിയുടെ മതിൽ തകർത്ത് മുന്നോട്ട് പോയി.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരു വാഹനങ്ങളുടെയും ഡ്രൈവർ മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ മറ്റൊരാളുടെ ആരോഗ്യനില കൂടി ഗുരുതരമാണ്. പരിക്കേറ്റവരിൽ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post