ന്യൂഡൽഹി: ചത്തീസ്ഗഡിൽ റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് സേഫ്റ്റി ഓഫീസറായ രാജേഷ് വിശ്വാസിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. റിസർവോയറിൽ വീണ തന്റെ വിലകൂടിയ ഫോൺ കണ്ടെടുക്കാൻ 3 ദിവസം കൊണ്ട് 21 ലക്ഷം ലിറ്റർ വെള്ളമാണ് ഇയാൾ വറ്റിച്ചത്.
റിസർവോയറിലെ വെള്ളം ഉപയോഗശൂന്യമാണ് എന്ന് പറഞ്ഞ് പ്രാദേശിക സബ് ഡിവിഷണൽ ഓഫീസറിൽ നന്ന് വാക്കാൽ അനുമതി വാങ്ങി,തന്റെ സ്ഥാനം ദുരുപയോഗം ചെയ്താണ് വെള്ളം വറ്റിച്ചത്. സംഭവം അറിഞ്ഞതോടെ ജില്ലാ കളക്ടർ ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഖേർകട്ട അണക്കെട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു രാജേഷ് വിശ്വാസ്. ഇതിനിടെ ഇയാളുടെ വിലകൂടിയ ഫോൺ 15 അടി താഴ്ചയിൽ വെള്ളമുള്ള റിസർവോയറിൽ വീണു. പ്രദേശവാസികൾ മുങ്ങിത്തപ്പിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഇതോടെ റിസർവോയർ വറ്റിക്കാൻ തീരുമാനിക്കുകയായിരുന്നു ഏകദേശം 1500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമാണ് ഇയാൾ വറ്റിച്ചത്.
പരാതിയെ തുടർന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം വറ്റിക്കുന്നത് തടയുകയായിരുന്നു. 15 അടിയോളം വെള്ളമുണ്ടായിരുന്നത് ഇയാൾ ആറ് അടിയോളം മാത്രം വെള്ളമാക്കി മാറ്റിയിരുന്നു. കടുത്ത വേനലിൽ പോലും 10 അടിയിലധികം വെള്ളമുള്ള ജലാശയമാണ് ഈ രീതിയിൽ നശിപ്പിച്ചതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അതേസമയം സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ തന്റെ ഫോമിൽ ഔദ്യോഗികമായ പല ഡാറ്റകളും ഉണ്ടെന്നും അത് തിരികെ എടുക്കാനാണ് വെള്ളം വറ്റിക്കാൻ ശ്രമിച്ചതെന്നും രാജേഷ് പറയുന്നു. ജലവിഭവ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ റിസർവോയറിലെ വെള്ളം ഒന്നിനും ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞതിനാലാണ് വെള്ളം വറ്റിക്കാൻ തുനിഞ്ഞിറങ്ങിയതെന്നും രാജേഷ് പറഞ്ഞു.












