ലക്‌നൗ: ഹാജി ഇക്ബാൽ ഗ്ലോക്കൽ സർവ്വകലാശാലയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കി വിദ്യാർത്ഥികൾ. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മുൻ എംഎൽസിയും ഗുണ്ടാ നേതാവുമായ ഹാജി ഇക്ബാൽ സ്ഥാപിച്ച സർവ്വകലാശാലയാണ് ഹാജി ഇക്ബാൽ ഗ്ലോക്കൽ സർവ്വകലാശാല.
ഷഹരൺപൂർ പോലീസാണ് സംഭവത്തിൽ കേസ് എടുത്തത്. വിദ്യാർത്ഥികൾ ചേർന്ന് പാകിസ്താൻ അനുകൂല മുദ്രാവ്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കോളേജ് ബസിലായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ മടങ്ങുന്നതിനിടെയായിരുന്നു വിദ്യാർത്ഥികൾ പാകിസ്താനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്. ഡി- ഫാം വിദ്യാർത്ഥികളായ സൊബാൻ, ഷബാൻ മാലിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുദ്രാവാക്യം മുഴക്കിയത് എന്നാണ് കോളേജ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വിദ്യാർത്ഥികൾ ചിലർ നൽകിയ പരാതിയെ തുടർന്ന് ഇവരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ സർവ്വകലാശാലയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യമായാണ് സർവ്വകലാശാലയിൽ ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. വിദ്യാർത്ഥികൾക്ക് പാകിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ വിദ്യാർത്ഥികളുടെ സമൂഹമാദ്ധ്യമ ഇടപെടലുകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
Discussion about this post