കായംകുളം: പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ അയ്യപ്പഭക്തിഗാനം പാടി ഗാനമേള ആസ്വാദകരുടെ ഇഷ്ടഗായകനായി മാറിയ കോട്ടയം കറുകച്ചാൽ പത്തനാട് കരിമ്പന്നൂർ ഹൗസിൽ പളളിക്കെട്ട് രാജ (രാജു എംകെ) അന്തരിച്ചു. കായംകുളം പത്തിയൂരിലെ ക്ഷേത്രത്തിൽ ഗാനമേള കഴിഞ്ഞ് മടങ്ങാൻ തുടങ്ങവേ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകൾക്കൊപ്പം പാടുന്ന ഗായകനാണ് ഇദ്ദേഹം.
കന്യാകുമാരി സാഗർ ബീറ്റ്‌സ് എന്ന ഗാനമേള ട്രൂപ്പിനൊപ്പമായിരുന്നു രാജു. നേരത്തെ മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്‌സ് ഉൾപ്പെടെയുളള ട്രൂപ്പുകളിൽ ഗായകനായിരുന്നു. ഗാനമേളയ്ക്ക് ശേഷം മടങ്ങാനായി കാത്തിരിക്കുമ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ക്ഷേത്രഭാരവാഹികളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാനമേള വേദികളിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആലപിച്ച് ശ്രദ്ധ നേടിയതോടെയാണ് പള്ളിക്കെട്ട് രാജ എന്ന പേരിൽ രാജു ഗാനമേള വേദികളിൽ അറിയപ്പെട്ടു തുടങ്ങിയത്. ഈ ഗാനം ആലപിച്ച വീരമണിയുടെ ശബ്ദവുമായുളള സാമ്യമാണ് രാജുവിന്റെ പാട്ടിനെ കൂടുതൽ ജനകീയമാക്കിയത്. പഴയ മലയാളം ഗാനങ്ങൾ ഉൾപ്പെടെ ആസ്വാദകരെ കൈയ്യിലെടുത്ത് പാടാൻ കഴിവുളള കലാകാരനായിരുന്നു രാജു.
കഴിഞ്ഞ മെയിൽ ഗായകൻ ഇടവ ബഷീർ ഗാനമേള വേദിയിൽ പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതും കലാകരൻമാർക്കിടയിൽ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.












