മുംബൈ: സർക്കാർ ഭൂമിയിൽ നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാരും ഹിന്ദു സംഘടനകളും. സത്താരയിലെ ഫൽട്ടാൻ ഗ്രാമത്തിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എത്രയും വേഗം മസ്ജിദ് പൊളിച്ച് മാറ്റിയില്ലെങ്കിൽ തൊട്ടടുത്തായി ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
2013 ൽ ഖബർ നിർമ്മിക്കുകയും ഇതിൽ ആരാധന നടത്തുകയും ചെയ്തുകൊണ്ടായിരുന്നു ചിലർ ചേർന്ന് സർക്കാർ ഭൂമി കയ്യേറാൻ ശ്രമിച്ചത്. അന്ന് ഇതിനെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചിരുന്നു. ഒരു വർഷക്കാലത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഖബർ പൊളിച്ച് നീക്കി ഭൂമി സർക്കാരിന് വിട്ട് നൽകാൻ ആയിരുന്നു മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. 10 ആഴ്ചകൾക്കുള്ളിൽ ഖബർ പൊളിച്ച് നീക്കണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
ഇതിനിടെ ഭൂമി തന്റേതാണെന്നും, തന്റെ അനുമതിയോടെയാണ് സ്ഥലത്ത് ആരാധനാലയം നിർമ്മിച്ചതെന്നും കാട്ടി സമീപവാസിയായ മുസ്ലീം സ്ത്രീ കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ ഭൂമിയാണെന്ന് തെളിഞ്ഞതോടെ 2019 ൽ ഇവരുടെ ഹർജി കോടതി തള്ളുകയായിരുന്നു. ഇതിന് ശേഷം 2021 ലെ ലോക്ഡൗൺ കാലത്താണ് ഇവിടെ മസ്ജിദ് നിർമ്മിച്ചത്.
അതീവ രഹസ്യമായി രാത്രി കാലങ്ങളിൽ ആയിരുന്നു മസ്ജിദിന്റെ നിർമ്മാണം. ശ്രദ്ധയിൽപ്പെട്ടവർ ചിലർ ഇത് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ നാട്ടുകാർ ഒന്നാകെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Discussion about this post