ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആർഎസ്എസിനെ ഒരു മതസംഘടനയായി തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണെന്ന് യുഎസ് അക്കാദമീഷ്യനും വിഖ്യാത എഴുത്തുകാരനുമായ വാൾട്ടർ കെ ആൻഡേഴ്‌സൻ. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലെ കുറെയധികം പേരും അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആർഎസ്എസിൽ നിരീശ്വരവാദികളോ അവിശ്വാസികളോ ആയ പലരെയും താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതം അവർക്ക് ഒരു ആദ്ധ്യാത്മിക വിഷയം മാത്രമാണ്. അന്നും ഇന്നും അതിനപ്പുറം പ്രാധാന്യം അവർ കൽപിക്കുന്നില്ലെന്നും ആൻഡേഴ്‌സൺ ചൂണ്ടിക്കാട്ടി.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വാൾട്ടർ കെ ആൻഡേഴ്‌സന്റെ വാക്കുകൾ. അഞ്ച് പതിറ്റാണ്ടോളം ആർഎസ്എസിനെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ ബ്രദർഹുഡ് ഇൻ സഫ്രോൺ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവ് ആണ് വാൾട്ടർ കെ ആൻഡേഴ്‌സൺ. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ മുൻ സൗത്ത് ഏഷ്യ മേധാവിയുമാണ് അദ്ദേഹം.
ദേശീയവാദിയായും ഹിന്ദുവായും തന്നെ അവതരിപ്പിക്കാനുളള രാഹുലിന്റെ ശ്രമങ്ങൾക്ക് ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും കോൺഗ്രസ് പാർട്ടി ദേശീയതയെ കൂടുതൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു വാൾട്ടർ ആൻഡേഴ്‌സന്റെ പ്രതികരണം. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഹിന്ദു സംസ്‌കാരവുമായി അടുപ്പമുണ്ടെന്ന് കാണിക്കാനുളള ശ്രമമാണ്. രാഹുൽ സ്വയം ഒരു ഹിന്ദുവെന്ന് കരുതുന്നുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ല. പക്ഷെ അത് ഒരു ഗുണമായി അദ്ദേഹം കാണുന്നുണ്ടെന്ന കാര്യം ഉറപ്പാണെന്നും വാൾട്ടർ ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.
ഹിന്ദുത്വത്തെക്കുറിച്ച് ആദ്യം വ്യവസ്ഥാപിതമായി എഴുതിയ ആൾ സവർക്കർ ആണ്. അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. ബിജെപിയും ആർഎസ്എസും കഠിനമായി അധ്വാനിച്ചാണ് ദേശീയതയെ ഒപ്പം ചേർത്തുവെക്കുന്നത്. രാഹുലും പലപ്പോഴും ശ്രമിക്കുന്നത് അതിനാണ്. ഇന്ത്യയിൽ ഒരു ദേശീയവാദിയായില്ലെങ്കിൽ ഇവിടെ വിജയിക്കാനുളള സാദ്ധ്യതയും കുറവാണ്. രാഹുൽ അതിന്റെ ധർമ്മസങ്കടത്തിലാണെന്നും വാൾട്ടർ ആൻഡേഴ്‌സൺ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഹൈന്ദവ സന്യാസമഠങ്ങളും ആശ്രമങ്ങളും സന്ദർശിക്കുകയും ചെയ്ത രാഹുൽ മറുവശത്ത് ഹിന്ദുസമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ തുടർച്ചയായി നടത്തുന്നതും പതിവാണ്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു വാൾട്ടർ ആൻഡേഴ്‌സനോടുളള ചോദ്യം.
Discussion about this post