ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗറി ജില്ലയിൽ ഇന്നുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ നിഴൽ സംഘടനയാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.
അതേസമയം കന്തി വനമേഖലയിൽ ഇപ്പോഴും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. രജൗറി സെക്ടറിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയോടെയാണ് രജൗറി സെക്ടറിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചത്. തിരച്ചിലിനായി പ്രദേശം വളഞ്ഞ സൈനികർക്ക് നേരെ മറഞ്ഞിരുന്ന ഭീകരർ സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
Discussion about this post