മുംബൈ: അവയവദാനത്തേക്കാൾ മഹത്തരമായ ദാനമില്ലെന്നാണ്. ഒന്നോ ഒന്നിലധികമോ ജീവൻ തിരികെ പിടിക്കാൻ അവയവദാനത്തിലൂടെ സാധിക്കും. എന്നാൽ മരണാനന്തരമുള്ള അവയവദാനമാകുമ്പോൾ വേദന ഉണ്ടാകും. ഇപ്പോഴിതാ മൂന്ന് വയസുകാരനായ കുഞ്ഞിന്റെ അവയവദാനമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. തറയിൽ ശക്തിയായി ഇടിച്ചതിനാൽ ആന്തരികമായി പരിക്ക് പറ്റി. ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ കുഞ്ഞ് മസ്തിഷ്‌കമരണത്തിന് ഇരയായ വിവരം മാതാപിതാക്കളെ അറിയിച്ചു. അവയവദാനത്തിന്റെ സാധ്യത മനസിലാക്കിയ അവർ സ്വയം സന്നദ്ധരാകുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ അനുമതി നൽകിയതോടെ കുഞ്ഞിൻറെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. പരേലിലെ ഗ്ലോബൽ ആശുപത്രിയിലുംപെഡ്ഡർ റോഡിലെ ജസ്ലോക് ആശുപത്രിയിലുമായി വൃക്ക പ്രവർത്തനം നിലച്ച രണ്ട് രോഗികൾക്കാണ് കുഞ്ഞിൻറെ വൃക്കകൾ മാറ്റിവച്ചത്. പ്രായം അനുയോജ്യമായ രോഗികളില്ലാത്തതിനാൽ ഹൃദയം ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. കരൾ മറ്റൊരു രോഗിക്കും മാറ്റിവച്ചുകഴിഞ്ഞു
ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരുമടക്കം ഏവരും സല്യൂട്ടോടെയാണ് കുഞ്ഞിന് അന്തിമോപചാരം അർപ്പിച്ചത്. കുഞ്ഞിൻറെ മാതാപിതാക്കൾക്കും ആദരം അർപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.








