തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർ പണം തട്ടിയ കേസിൽ നടന്നത് സംഘടിത നീക്കമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം. വിജിലൻസ് നടത്തിയ പരിശോധനയിലും രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും കൊല്ലത്താണ് കൂടുതൽ പരാതികൾ കിട്ടിയതെന്നും മനോജ് ഏബ്രഹാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
എത്ര തുകയുടെ തട്ടിപ്പ് നടന്നുവെന്ന് ഇപ്പോൾ പറയാനാകില്ല. വിജിലൻസിന്റെ പരിശോധന തുടരുകയാണ്. ഓഫീസുകളിലെ റെക്കോഡുകൾ പരിശോധിച്ച ശേഷം ഫീൽഡ് വെരിഫിക്കേഷൻ നടത്തും. വില്ലേജ് ഓഫീസുകളിലും പണം ലഭിച്ചവരുടെ വീടുകളിലും എത്തിയാകും പരിശോധന നടത്തുക. ഇതിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. വരുന്ന മൂന്നോ നാലോ ദിവസങ്ങൾക്കുളളിൽ പരിശോധനകൾ പൂർത്തിയാകുമെന്നും മനോജ് ഏബ്രഹാം പറഞ്ഞു.
രണ്ട് വർഷത്തെ അപേക്ഷകളാണ് നിലവിൽ പരിശോധിക്കുന്നത്. രണ്ടായിരത്തോളം ഫയലുകൾ പരിശോധിച്ചു. ഒരു ജില്ലയിൽ തന്നെ മുന്നൂറോളം അപേക്ഷകൾ പരിശോധിച്ചു. അതിൽ തന്നെ നല്ല ശതമാനത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഫയലുകൾ കംപ്യൂട്ടറൈസ്ഡ് ആയതുകൊണ്ട് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സിച്ച ഡോക്ടർ തന്നെ അപേക്ഷയിൽ ശിപാർശ ചെയ്യണമെന്നില്ല. ഒരാളുടെ ഡിസ്ചാർജ്ജ് സമ്മറി വെച്ച് ഏതൊരു ഡോക്ടർക്കും അത് കൊടുക്കാൻ സാധിക്കും. അങ്ങനെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും മനോജ് ഏബ്രഹാം പറഞ്ഞു.
വിജിലൻസിന് ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അപേക്ഷകൾ പരിശോധിച്ചപ്പോഴും അതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ലഭിച്ചു. ഒരു ഏജന്റിന്റെ നമ്പർ തന്നെയാണ് കുറെ കൂടുതൽ അപേക്ഷകളിൽ. അതുകൊണ്ടു തന്നെ ഒരു സംഘം ഇതിന് പിന്നിൽ ഉണ്ടെന്നാണ് നിഗമനമെന്നും മനോജ് ഏബ്രഹാം പറഞ്ഞു.
അർഹതപ്പെട്ടവർക്കുളള അപേക്ഷകളിൽ നടപടികൾ തുടരുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post