കൊച്ചി; ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. ലഖ്നൌ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ആണ് ഷാജൻ സ്കറിയയ്ക്കെതിരെ ഹർജി ഫയൽ ചെയ്തത്.
യൂസഫ് അലിക്കെതിരെ വ്യാജ ആരോപണം നടത്തി എന്നതാണ് ഹർജിയിലെ പരാതി. ഹർജിയിൽ നേരത്തെ ഷാജൻ സ്കറിയയ്ക്ക് കോടതി സമൻസ് അയച്ചിരുന്നു. സമൻസ് കൈപ്പറ്റ് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി വാറണ്ട് അയച്ചിരിക്കുന്നത്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.
നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം എത്തിയെന്ന് ഷാജൻ സ്‌കറിയ ആരോപിച്ചിരുന്നു. ഇതിൽ, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്ക് ഉണ്ടെന്നുമാണ് ഷാജൻറെ വാദം.
ഈ വീഡിയോ വ്യാജമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ആരോപിച്ചാണ് ലക്നൗ കോടതിയിൽ ലുലു ഗ്രൂപ്പ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. അതേസമയം കോടതിയുടെ സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്ന് ഷാജൻ സ്കറിയ വ്യക്തമാക്കി. ആദ്യ ദിവസം ഹാജരാകാൻ കഴിയാതിരുന്നതിനാലാണ് നേരിട്ട് ഹാജരാകാൻ വാറണ്ട് അയച്ചതെന്നും കോടതിയിൽ ഹാജരാകുമെന്നും ഷാജൻ സ്‌കറിയ ബ്രേവ് ഇന്ത്യ ന്യൂസിനോട് പറഞ്ഞു.










