ഡല്‍ഹി: അത്യാധുനിക റെയില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ഗതാഗത രംഗത്ത് ആഗോള പ്രശസ്തരായ കമ്പനികള്‍ ഒന്നിച്ച് പശ്ചിമ ബംഗാളില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നു. ആല്‍സ്റ്റോം, സിമെന്‍സ്, സ്റ്റാഡ്ലര് ബുസ്നാഗ് എജി എന്നീ കമ്പനികളാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പശ്ചിമ ബംഗാളില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള റെയില്‍വെയുടെ സ്ഥലത്തായിരിക്കും ഫാക്ടറി സ്ഥാപിക്കുക. മൊത്തം 2000 കോടി രൂപയായിരിക്കും നിക്ഷേപം.
ബഹുരാഷ്ട്ര ഗതാഗത ഭീമന്മാരായ സീമെന്‍സ് ആന്‍ഡ് സ്റ്റഡ്ലര്‍ ബസ്നങ് എജി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് കണ്സോര്ഷ്യങ്ങളായാണ് പശ്ചിമ ബംഗാളില്‍ ഇലക്ട്രിക് റെയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കൊല്‍ക്കത്തയ്ക്കടുത്തുള്ള കാഞ്ച്രപാറയിലാണ് പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ 2,000 കോടിയുടെ മുതല്‍മുടക്കില്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്.
വിമാനങ്ങളിലേതുപോലെ ഉള്‍ഭാഗമുള്ള കോച്ചുകളാകും ഇവിടെ നിര്‍മിക്കുക. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ റെയില്‍വെയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വലിയ പദ്ധതിയാകും ഇത്.
3,300 കോടിയുടെ രണ്ട് ലോക്കോമോട്ടീവ് ഫാക്ടറികള്‍ക്ക് 2015-ല്‍ അംഗീകാരം നല്‍കിയിരുന്നു. പുതിയ കോച്ച് ഫാക്ടറിയില്‍ സര്‍ക്കാരിന്റെ വിഹിതം 26 ശതമാനമായിരിക്കും. ഡിസംബറിലായിരിക്കും ഇതിനായി ടെണ്ടര്‍ വിളിക്കുക.
12 വര്‍ഷം കൊണ്ട് 5000 ഇലക്ട്രിക് റെയില്‍ കാറുകള്‍ നിര്‍മിക്കാനും 13 വര്‍ഷത്തേയ്ക്കുകൂടി കോച്ചുകളുടെ പരിപാലനം നിര്‍വഹിക്കാനുമാണ് ടെണ്ടര്‍ വിളിക്കുക.
Discussion about this post