കോഴിക്കോട്: ഉത്തര കൊറിയയെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചൈനയെക്കാള്‍ മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തരകൊറിയ ആണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. സാമ്രാജ്യത്വത്തിന് എതിരെ പുതിയ ശക്തികള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നായിരുന്നു ഉത്തരകൊറിയയെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. കൊയിലാണ്ടിയില്‍ സിപിഎം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തു നില്ക്കാന് കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചിത്രം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പാര്‍ട്ടി സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ ഇടം പിടിച്ചത് വിവാദമായിരുന്നു. രണ്ടു സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദത്തെത്തുടര്‍ന്നു മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആ രാജ്യത്തെ പ്രകീര്‍ത്തിച്ച് പിണറായി വിജയന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ചത്.
കോഴിക്കോട് ചേര്‍ന്ന 20-ാംപാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തെ പ്രകീര്‍ത്തിച്ച സിപിഎം പക്ഷെ ഏപ്രിലില്‍ ചേരുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലപാട് മാറ്റുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജുങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു
പാര്‍ട്ടി സമ്മേളന ബാനറുകളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജുങ് ഉന്‍ നിറയുന്നതിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മുഖ്യമന്ത്രി തന്നെ പിന്തുണയുമായി രംഗത്ത് എത്തിയത്. ഇതോടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഉത്തരകൊറിയ്ക്ക് ഒപ്പമാണ് തങ്ങളെന്ന സന്ദേശമാണ് മുഖ്യമന്ത്രി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
ഇത് ചൈനിസ് നിലപാടിനുള്ള പിന്തുണയാണോ എന്ന് ചോദിച്ച് വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയെ പിന്തുണക്കുന്ന നിലപാടാണ് ചൈനയ്ക്ക്. അതേസമയം ഇന്ത്യന്‍ നിലപാട് കിംഗ് ജോങിന് അനുകൂലമാകാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താല്പര്യം എന്തെന്ന് മുഖ്യമന്ത്രി ആലോചിക്കുന്നുണ്ടോ എന്ന ചോദ്യം സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.
Discussion about this post