(പെന്‍ഡ്രൈവ്)
നന്ദികേശന്
കെ.എസ്.ആര്.ടി.സി ലോഗോയിലെ രണ്ടു കറുത്ത ആനകള്‍ക്കും ഇനി സ്വസ്ഥമായി മൂടിപ്പുതച്ച് ഉറങ്ങാം..! ഇത്രയും നാള് ഈ വെള്ളാനയുടെ പള്ള ചോരുന്നത് ഏതൊക്കെ വഴിയ്ക്ക് എന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു അധികൃതരും നാട്ടുകാരും..!! ഇപ്പോള്‍ ആ റൂട്ട് കൃത്യമായി കണ്ടുപിടിച്ചിരുക്കുന്നു..! സകല കണ്ണുപൊട്ടന്മാരും കാലുമുടന്തന്മാരും ചെകിടന്മാരും സൗജന്യമായി യാത്ര ചെയ്യുന്നത് കൊണ്ടാണ് ഈ സ്ഥാപനം ദിനം പ്രതി നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് അത്രേ…
ചില മുത്തുകള്‍ അങ്ങനെയാണ്…!!! ഒരുപാട് കാലം ചിപ്പിക്കുള്ളില്‍ ഇങ്ങനെ ഒളിച്ചിരിക്കും..!! ഒരു ദിവസം ആ ചിപ്പി ചവിട്ടിപ്പൊട്ടിച്ച് വരുന്ന ശബ്ദം കേട്ടാല്‍ ഏതു ചെവിയും തുറക്കും..!! ആ പ്രകാശത്തില്‍ ഏതു കണ്ണും തെളിയും. അതിന്റെ ആകാരം കണ്ടാല്‍ ആരും നാലുകാലും വലിച്ച് ഓടും..അങ്ങനെയൊരു മുത്താണ് ഇന്നലെ കാസര്‍കോട്ടെ ചടങ്ങില്‍ ചിപ്പി ചവിട്ടിപ്പൊളിച്ച് പുറത്തേയ്ക്ക് വന്നത്..
കെ.എസ്.ആര്.ടി.സിയിലെ വിപ്ലവത്തൊഴിലാളിസംഘടനയുടെ സംസ്ഥാന ജാഥ ഉദ്ഘാടനം ചെയ്യവേയാണ് മുത്ത് പുറത്തേയ്ക്ക് വന്നത്. രാവിലെ പുറത്തെയ്ക്കിറങ്ങിയാല് വൈകീട്ട് തിരിച്ച് ഷെഡ്ഡില്‍ കയറുന്നതിനുള്ളില്‍ തരക്കേടില്ലാത്ത നഷ്ടം കോര്‍പറേഷനും സര്‍ക്കാരിനും വരുത്തിവയ്ക്കുന്ന ഈ സാധനത്തെ രക്ഷിക്കാന്‍ ജാഥ കൊണ്ട് കഴിയുമോ, ഇത്രയും തൊഴിലാളികള്‍ ഇങ്ക്വിലാബ് വിളിക്കാന്‍ പോയാല്‍ നഷ്ടം കൂടുകയല്ലേയുള്ളൂ എന്നൊന്നും ചോദിക്കരുത്..!! നമ്മള് തുപ്പിയാലേ അമ്പലം അശുദ്ധമാകൂ; മേല്‍ശാന്തി തുപ്പിയാല്‍ അമൃതാവും..!! അതവിടെ നില്ക്കട്ടെ..
ഉദ്ഘാടനപ്രസംഗം ഹരം പിടിച്ചു വന്നപ്പോഴാണ് ഇത്രയും നാള് ആനവണ്ടിയുടെ പണപ്പെട്ടിയില്‍ സ്ഥിരമായി ഓട്ടയിട്ടു കൊണ്ടിരുന്ന ഇനങ്ങളെ പൂര്‍വിക വിപ്ലവകാരികള്‍ മനസ്സില്‍ തെളിയിച്ചു കൊടുത്തത്..! മനസ്സില്‍ ഒന്ന് തോന്നിയാല്‍ പിന്നെ അടക്കിപ്പിടിക്കാന് ബുദ്ധിമുട്ടാണ്.. അതാണ് ഒരു ശരാശരി വിപ്ലവകാരിയുടെ ഹൃദയശുദ്ധി..!! ഉടനെ തനിക്കുണ്ടായ വെളിപാട് സഹവിപ്ലവകാരികള്‍ക്ക് പങ്കുവച്ചു..!! പക്ഷെ ഒരു ചെറിയ അബദ്ധം പറ്റി..!! സംസ്ഥാനത്തെ ആസ്ഥാനവ്യാഖ്യാനഫാക്ടറികള് തുറന്നു വയ്ക്കാന്‍ സമയം കിട്ടിയില്ല..!! പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍.. വാക്ക് വായില്‍ നിന്ന് വീഴും മുന്‍പ് അത് ഫേസ്ബുക്കിലും മറ്റും പോസ്റ്റായി വരും..!! ഒന്നുരണ്ടു റൗണ്ട് അലക്ക് കഴിഞ്ഞപ്പോഴേയ്ക്കും മുത്ത് ഒരു പരുവമായി…!! പിന്നെ വിശദീകരണം മാപ്പപേക്ഷ തുടങ്ങിയ ചടങ്ങുകള്‍ പൂര്‍വാധികം ഭംഗിയായി നടത്തി എന്നു മാത്രം..!!
അല്ല മുത്ത് സഖാവേ… ഈ കൂട്ടര് മാത്രമാണോ കെ.എസ്.ആര്.ടി.സിയില്‍ ഓശാരം പറ്റുന്നവര്‍..? അല്ലല്ലോ..വേറെയും വിഭാഗങ്ങളില്ലേ…? അക്കൂട്ടത്തില്‍ പ്രമുഖരല്ലേ കേരത്തിലെ പത്രപ്രവര്‍ത്തക പേനയുന്ത് വിഭാഗങ്ങള്‍..? അവരില്‍ സഖാവിന്റെ പാര്‍ട്ടി മുഖപത്രത്തിലെ വിപ്ലവകാരികളും പെടില്ലേ സഖാവേ..? വേഗം ചെല്ല് സഖാവേ ഓഫീസിലേയ്ക്ക്..!!! അക്രഡിറ്റഡ് രോഗം ബാധിച്ച സകല എണ്ണത്തിനേം വലിച്ചു പുറത്തേയ്ക്കിട്ട് ഓരോ ഉശിരന്‍ താക്കീത് കൊടുക്ക്..! മേലില്‍ ചക്കാത്ത് യാത്ര നടത്താന്‍ ആനവണ്ടിയുടെ കമ്പിയില്‍ തൂങ്ങിയാല്‍ അന്‍പത്തൊന്നു കൊണ്ട് ഹരിക്കും എന്ന് കട്ടായം പറഞ്ഞേക്ക്..!
വിപ്ലവകാരികളുടെ ഗതി ഇതാണെങ്കില്‍ നമ്മളുടെത് എന്താകും എന്ന് പേടിച്ച് ബൂര്ഷ്വാകുത്തകവര്ഗീയ പത്രങ്ങളിലെ സമാന അക്രഡിറ്റഡ് രോഗികളും ഇതോടെ മാളത്തിലൊളിച്ചോളും..!!
അടുത്ത വിഭാഗം നമ്മുടെ സ്വവര്‍ഗ്ഗം തന്നെയാണ് മുത്തേ..!! ജനപ്രതിനിധികള്‍..! ഏതോ ഒരു മണ്ഡലവാസികള്‍ അറിയാതെ ചെയ്ത തെറ്റിന്റെ പേരില്‍ ജനപ്രതിനിധികസേരയില് ഇരിക്കാന്‍ യോഗ്യത കിട്ടിയവനെയൊക്കെ കെ.എസ്.ആര്.ടി.സി സൗജന്യമായി ചുമന്നുകൊണ്ട് നടക്കണമത്രേ..!! അവരെയും വെറുതെ വിടരുത് സഖാവേ..!! എല്ലാ ബസ്സ്റ്റാന്റിലും സഖാക്കള്‍ ജാഗ്രതയോടെ നില്‍ക്കണം..! ഈ പാസ്സും കൊണ്ട് വണ്ടിയില്‍ ആസനസ്ഥനാകാന്‍ വരുന്നവര്‍ നല്ല ആസനവുമായി തിരികെ പോകരുത്..!!
അല്ല, ഇവരൊക്കെ യാത്ര ചെയ്യുന്നതിനല്ല, അതിന്റെ പണം സര്‍ക്കാര്‍ കൊടുക്കാത്തതിനെയല്ലേ മുത്ത് വിമര്‍ശിച്ചത് എന്നാണ് ചില അഭ്യുദയകാംക്ഷികള്‍ ചോദിക്കുന്നത്..!! ശരിയാണ്..!! മുത്തിന്റെ ഹൃദയശുദ്ധി നമ്മള് മനസ്സിലാക്കിയില്ല…!! കാരണം ഈ അന്ധമൂകബധിര വിഭാഗങ്ങളുടെ സൗജന്യയാത്ര കഴിഞ്ഞാല്‍പ്പിന്നെ ആനവണ്ടി നഷ്ടം സമ്പാദിക്കുന്ന പ്രധാന സ്രോതസ്സ് സര്‍വീസ് മുടക്കമാണ്…മുത്ത് സഖാവിന്റെ പാര്‍ട്ടിയുടെ കലണ്ടറില്‍ ആണെങ്കില്‍ ഹര്‍ത്താലോ പണിമുടക്കോ ഇല്ലാത്ത ഒരു ആഴ്ച പോലും ഇല്ല താനും..!
പക്ഷെ വെറുതെയല്ലാ ട്ടോ പാര്‍ട്ടി ഇതൊക്കെ നടത്തുന്നത്..!! ഹര്‍ത്താലിന്റെ തലേദിവസം തന്നെ ആനവണ്ടിയുടെ പ്രതിമാസവരുമാനം കണക്കാക്കി അതിനെ മുപ്പത് കൊണ്ട് ഹരിച്ചു കിട്ടുന്ന തുക പണമായോ ട്രഷറിയില്‍ ചലാന്‍ അടച്ചോ ആനവണ്ടിക്കമ്പനിയെ ഏല്‍പ്പിക്കും..! എന്നിട്ടേ പിറ്റേദിവസം കൊടിപിടിക്കൂ…!! എന്നാലും ചില കരിങ്കാലികള്‍ സമരദിവസം ആനവണ്ടി റോഡിലിറക്കും..!! അവരെ സമരത്തിന്റെ ആവശ്യകതയും അനിവാര്യതയും പറഞ്ഞു മനസ്സിലാക്കി വരുമ്പോള്‍ വണ്ടിയുടെ ചില്ലോ ഡ്രൈവറുടെ പല്ലോ ഒക്കെ ഇല്ലാതാകാറുണ്ട്..!! പക്ഷെ അത് അണാ പൈ തീര്‍ത്ത് കണക്കാക്കി ബന്ധപ്പെട്ട ഡിപ്പോയില്‍ അന്ന് വൈകീട്ട് തന്നെ കാശെത്തിച്ച ശേഷമേ വിപ്ലവകാരികള്‍ കുടിലിലെയ്ക്ക് മടങ്ങൂ…!!
സഖാവിന്റെ സംഘടനയുടേതുള്പ്പടെയുള്ള യുവജനവിദ്യാര്‍ഥി പുലിക്കുട്ടികള്‍ക്ക് തങ്ങളുടെ സമരത്തില്‍ ഒരു ആനവണ്ടിയുടെയെങ്കിലും ആയുസ്സെടുത്തില്ലെങ്കില് വല്ലാത്ത ഒരു മനോവിഷമം ആണ്..!! പക്ഷെ സഖാവിന്റെ പുലിക്കുട്ടികള്‍ ഉണ്ടാക്കുന്ന നഷ്ടവും മൂത്തപുലികള് പണമായിത്തന്നെ തീര്‍ത്ത് കൊടുക്കാറുണ്ട്…! അങ്ങനെ കണ്ണും കാതും കരളും കൊടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന കുഞ്ഞിനെയാണ് കുറെ സൗജന്യക്കാര്‍ കയറിയിരുന്ന് നശിപ്പിക്കാന്‍ നോക്കുന്നത്..!! എങ്ങനെ കലിപ്പ് വരാതിരിക്കും..??!!
തൊഴിലാളിസ്നേഹത്തിന് ഇങ്ങനെയും ചില ദോഷങ്ങളുണ്ട്..!! സ്നേഹം വല്ലാതെ കൂടിവരുമ്പോള്‍ ശത്രുവേത് മിത്രമേത് എന്നൊക്കെ മറന്നുപോകും..!! ഡ്രൈവറും കണ്ടക്ടറും സൗജന്യമായി യാത്രചെയ്യുന്നത് കൊണ്ടാണ് കെ.എസ്.ആര്.ടി.സിയുടെ നഷ്ടം കൂടുന്നത് എന്ന് തോന്നാതിരുന്നത് നന്നായി എന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.. ഏതായാലും മുത്ത് സഖാവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല…!! അംഗപരിമിതര്‍ക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാണ്…!! അത് ഇങ്ങനെ തീര്‍ന്നു എന്ന് വിചാരിച്ച് ആശ്വസിക്കുക..!! ഒന്നുമില്ലെങ്കിലും ഒരു ഹൃദയംഗമായ ക്ഷമാപണം കിട്ടിയില്ലേ..? ഇതില്‍പ്പരം ഭാഗ്യം എന്തുണ്ട്.!
Discussion about this post