ഹൈദരാബാദ്:നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ നേട്ടം മോദിക്ക് മാത്രമാണുണ്ടായതെന്ന് രാഹുല്‍ ഗാന്ധി. വ്യവസായ മുതലാളിമാരായ തന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിലെത്തിച്ചപ്പോള്‍ എല്ലാവരും കരുതിയത് തങ്ങള്‍ക്കിനി നല്ല ദിവസങ്ങള്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ നല്ല ദിനങ്ങള്‍ മോദിക്ക് മാത്രമാണുണ്ടായത് രാഹുല്‍ വ്യക്തമാക്കി.തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ നിന്ന് ആരംഭിച്ച 15 കിലോമീറ്റര്‍ പദയാത്രയുെട സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നിങ്ങളാരെങ്കിലും 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചിട്ടുണ്ടോ? എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ധരിക്കുന്നത് ഇത്തരം വിലപിടിപ്പുള്ള വസ്ത്രങ്ങളാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഇതുവരെ നിങ്ങളിലാര്‍ക്കെങ്കിലും അദ്ദേഹം ഉറപ്പു നല്കിയതുപോലെ ഒരു ജോലി ലഭിച്ചോയെന്നും രാഹുല്‍ ചോദിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെതിരയും രാഹുല്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ദേശീയതലത്തില്‍ നമുക്കൊരു മോദിയുണ്ട്. എന്നാല്‍ ഇവിടെ തെലങ്കാനയിലെ മോദിയാണ് ചന്ദ്രശേഖര്‍ റാവു എന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ഇവരാരും ബോധവാന്മാരല്ലെന്നും അവര്‍ക്കൊരിക്കലും ഇത്തരത്തിലൊരു പദയാത്ര നടത്താന്‍ കഴിയില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
കൃഷിഭൂമികള്‍ സ്വര്‍ണത്തിന് സമമാണ്. കര്‍ഷകരില്‍ നിന്നും ഇവയെ അപഹരിച്ച് എന്‍ഡിഎ സര്‍ക്കാര്‍ വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ ഫലഭൂയിഷ്ടമായ കൃഷിസ്ഥലങ്ങള്‍ ഒന്നും തന്നെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. തന്റെ പാര്‍ട്ടി ഒരിക്കലും വ്യവസായവല്‍ക്കരണത്തിന് എതിരല്ല. കുത്തക മുതലാളിത്തത്തിനെയാണ് താന്‍ എതിര്‍ക്കുന്നത്. വ്യ!വസായങ്ങള്‍ ഉണ്ടാവുക തന്നെ വേണം. വ്യവസായവല്‍ക്കരണവും കൃഷിയും ഒരുമിച്ചുകൊണ്ടുപോവുകയാണ് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post