ചെന്നൈ :തമിഴ്‌നാട്ടിലെ കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽ നിന്നാണ് പിടിയിലായത്. വ്യാജമദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് എഴുപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.
അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരണം 49 ആയി. ഇന്ന് രാവിലെ ആറ് മരണം കൂടിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 87 പേർ ചികിത്സയിൽ തുടരുകയാണ്. നാല് ജില്ലകളിലായാണ് ആളുക്കൾ ആശുപത്രികളിൽ ഉള്ളത്.
കൂലിവേലക്കാരായ തൊഴിലാളികളാണ് ദുരന്തബാധിതരായവർ എല്ലാവരും തന്നെ. ചൊവ്വാഴ്ച രാത്രി ഇവർ ജോലി കഴിഞ്ഞ് എത്തിയശേഷം വ്യാജ മദ്യ വില്പനക്കാരിൽ നിന്നും മദ്യം വാങ്ങി കഴിക്കുകയായിരുന്നു. തുടർന്ന് വീടുകളിൽ എത്തിയ ശേഷം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്നാടിനെ പിടിച്ചുകുലുക്കിയ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഡി.എം.കെ സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ശനിയാഴ്ച സർക്കാരിനെതിരെ പ്രതിഷേധം നടത്തും.
Discussion about this post