നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന തൂണുകളിൽ ഒന്നാണ് കാർഷിക മേഖല. അതുകൊണ്ടു തന്നെ കാർഷിക മേഖലയുടെ പുരോഗതിയ്ക്കായുള്ള പ്രവർത്തനങ്ങളിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ തന്നെ കാർഷിക മേഖലയിലെ ഉണർവ്വ് പ്രകടമാണ്. കർഷകർക്ക് വേണ്ടി നടപ്പിലാക്കിയ വിവിധ പദ്ധതികൾ ആയിരുന്നു ഇത് സാദ്ധ്യമാക്കിയത്. ഇപ്പോഴിതാ മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയപ്പോഴും ആദ്യ പരിഗണന അന്നദാതാക്കളായ കർഷകർക്ക് തന്നെയാണ്.
രാജ്യത്തിന്റെ വികസനത്തിനായി കർഷകരെ ശക്തിപ്പെടുത്തണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. ഇതിന് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ ഇതിന് ഉദാഹരണമാണ്.
നെല്ല് ഉൾപ്പെടെ 14 വിളകളുടെ താങ്ങുവില വീണ്ടും വർദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ഈ തീരുമാനം ഏറ്റവും സന്തോഷം നൽകുന്നത് ആകട്ടെ നെൽകർഷകർക്കും. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1. 17 പൈസയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നെല്ലിന്റെ വാങ്ങുവില കിലോയ്ക്ക് 23 രൂപയാകും. ക്വിന്റലിന് 2300 രൂപയായിരിക്കും നെല്ല് ക്വിന്റലിന് കർഷകർക്ക് ലഭിക്കുക. റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും സമാന രീതിയിൽ കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ ഉയർത്തിയിട്ടുണ്ട്. പരുത്തിയുടെ മിനിമം താങ്ങുവിലയിൽ 501 രൂപയുടെ വർദ്ധനവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഖാരിഫ് സീസൺ ആകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർണായക തീരുമാനം.. അതിനാൽ സർക്കാർ പ്രഖ്യാപനത്തിന്റെ ഗുണം അതിവേഗം ഇവർക്ക് ലഭിക്കും. വിളകൾ സൂക്ഷിക്കാനായി 2 ലക്ഷം പുതിയ ഗോഡൗണുകൾ നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രതിവർഷം 35,000 കോടി രൂപയുടെ അധിക നേട്ടം കർഷകർക്ക് നേടിക്കൊടുക്കുകയാണ് സർക്കാർ ലക്ഷ്യം.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭായോഗത്തിലെ ഇനിയും ഉണ്ട് നിർണായക തീരുമാനങ്ങൾ. മഹാരാഷ്ട്രയിലെ വധവാൻ തുറമുഖ പദ്ധതിക്ക് 76,000 കോടി രൂപ യോഗം അനുവദിച്ചു. ഇതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നാക്കി വധവാൻ തുറമുഖത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം.
ഗുജറാത്തിലെയും തമിഴ്നാട്ടിലെയും മൊത്തം 7,453 കോടി രൂപയുടെ 1 ജിഗാവാട്ട് ഓഫ്ഷോർ കാറ്റാടി ഊർജ്ജ പദ്ധതികൾക്കും കാബിനറ്റ് അംഗീകാരം നൽകി. വാരാണസിയിൽ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. 2,870 കോടി രൂപ ചിലവിട്ടാകും ഇതിന്റെ നിർമ്മാണം.
ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങെങ്കിലും, താങ്ങുവില ഉറപ്പാക്കുക എന്നത് 2018ൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനമാണ്. ഇതിനെ മുൻനിർത്തിയാണ് 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കർഷകർക്കും കാർഷിക മേഖലകൾക്കും അനുകൂലമായ പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്.
Discussion about this post