ഒഡീഷയിൽ തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വലിയ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറുന്നതിന് മുൻപായിരുന്നു ബംഗാളിൽ കഴിഞ്ഞ ദിവസം സമാന സംഭവം ഉണ്ടായത്. സിലിഗുഡിയിൽ ചരക്കു തീവണ്ടി കാഞ്ചൻജംഗ എക്സ്പ്രസിന് മേൽ പാഞ്ഞ് കയറി ഉണ്ടായ അപകടത്തിൽ പത്ത് ജീവനുകൾ പൊലിഞ്ഞു. സിഗ്‌നൽ തെറ്റിച്ചെത്തിയ ചരക്ക് തീവണ്ടി പാസഞ്ചർ തീവണ്ടിയിലേക്ക് ഇടിച്ച് കയറിയായിരുന്നു അപകടം. ഒഡീഷയ്ക്ക് പിന്നാലെ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കുമ്പോൾ ചർച്ചയാകുന്നത് കവച് സംവിധാനത്തെക്കുറിച്ചാണ്.
തീവണ്ടികൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി രാജ്യം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനം ആണ് കവച്. ട്രാഫിക് കൊളീഷൻ അവോയിഡൻസ് സിസ്റ്റം എന്നും ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമെന്നും കവച് സംവിധാനം അറിയപ്പെടുന്നു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ വിവിധ കമ്പനികളുമായി സഹകരിച്ച് റിസർവ്വ് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. തീവണ്ടികളുടെ വേഗത കുറച്ച് കൂട്ടിയിടി ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ രീതി.
ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് സാധിക്കാതെ വരുന്ന അവസരങ്ങളിലാണ് കവച് പ്രവർത്തിക്കുക. ഓട്ടോമാറ്റിക് ആയി തന്നെ ഈ സംവിധാനം ട്രെയിനിന്റെ വേഗത കുറയ്ക്കും. ഓട്ടോമാറ്റിക് ബ്രേക്കിട്ടാണ് കവച് തീവണ്ടിയുടെ വേഗത നിയന്തിക്കുന്നത്. ലോക്കോ പൈലറ്റ് സിഗ്‌നൽ അവഗണിക്കുകയോ വേഗപരിധി കടക്കുകയോ ചെയ്താലും അപകടം ഒഴിവാക്കാനായി ഈ സംവിധാനം പ്രവർത്തിക്കും. യാത്രാ വേളയിൽ മുൻപിൽ തടസ്സമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലോക്കോപൈലറ്റിന് നൽകാനും അതുവഴി അപകടം ഒഴിവാക്കാനും കവചിന് കഴിവുണ്ട്.
ട്രാക്കുകൾ തിരിച്ചറിയുന്നതിനും ട്രെയിനും ദിശയും കണ്ടെത്തുന്നതിനും വേണ്ടി സിഗ്‌നലുകൾക്കുമായി ട്രാക്കുകളിലും സ്റ്റേഷൻ യാർഡുകളിലും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ലെവൽ ക്രോസിംഗ് ഗേറ്റുകളിലെ ഓട്ടോ വിസിൽ, ലോക്കോ ടു ലോക്കോ ആശയവിനിമയം സാദ്ധ്യമാക്കുന്നതിനുള്ള സംവിധാനം, അപകടം ഉണ്ടായാൽ സമീപത്തുള്ള ട്രെയിനുകളെ നിയന്ത്രിക്കുന്നതിനുള്ള എസ്ഒഎസ് ഫീച്ചർ എന്നിവയും കവചിന്റെ മറ്റ് സവിശേഷതകളാണ്. സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷൻ കവച് സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.
ട്രെയിൻ അപകടങ്ങൾക്ക് പ്രധാനകാരണം ആകുന്ന ഒന്നാണ് മൂടൽ മഞ്ഞ്. ഇത്തരം സാഹചര്യങ്ങൾ നേരിടാനും കവച് സഹായിക്കും. സർവ്വീസിനിടെ ട്രാക്കിൽ മറ്റൊരു ട്രെയിൻ കയറി വന്നാൽ ഓട്ടോമാറ്റിക് ആയി ട്രെയിൻ നിർത്തും. ഒരേ ട്രാക്കിലൂടെ സഞ്ചരിക്കുന്ന തീവണ്ടികൾ തമ്മിലുള്ള അകലം 380 മീറ്ററായി കുറയുമ്പോഴാകും ഇത്തരത്തിൽ സംവിധാനം പ്രവർത്തിക്കുക.
രാജ്യത്ത് 68,000 കിലോ മീറ്റർ റെയിൽപാതയുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ആറായിരം കിലോ മീറ്ററിലാണ് നിലവിൽ കവച് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 10,000 കിലോ മീറ്റർ പാതയിൽ ഈ സംവിധാനം നടപ്പിലാക്കുന്നതിന് വേണ്ടി റെയിൽവേ ടെൻഡർ നൽകി കഴിഞ്ഞു. സൗത്ത് സെൻട്രൽ റെയിൽവേയിൽ 1,465 കിലോ മീറ്ററിലും 139 ലോക്കോമോട്ടീവുകളിലുമാണ് ഇപ്പോൾ കവച് ഉള്ളത്. ഒരു കിലോ മീറ്റർ റെയിൽവേ പാതയിൽ കവച് സംവിധാനം ഏർപ്പെടുത്താൻ ഏകദേശം 50 ലക്ഷം രൂപയാണ് ചിലവ് വരുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് മുഴുവനായും കവച് സംവിധാനം നടപ്പാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.
Discussion about this post