(പെന്‍ഡ്രൈവ് ) നന്ദികേശന്
അഴിമതിയ്ക്കെതിരെ കയ്യും മെയ്യും മറന്നു യുദ്ധത്തിനിറങ്ങിയാല്‍ ഇങ്ങനെയിരിക്കും.. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ആരെയൊക്കെ ഒപ്പം കൂട്ടണം എന്ന് ഒരു നിശ്ചയവും ഉണ്ടാവില്ല…!ലക്ഷ്യം നേടാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാം എന്ന് പണ്ട് താത്വികാചാര്യന്‍ ഉപദേശിച്ചിട്ടുള്ളത് കൊണ്ട് കുഴപ്പമില്ല..അതിനിനി മുസ്ലിം ലീഗ് അല്ല, വേണ്ടിവന്നാല്‍ ഉമ്മന്‍ചാണ്ടിയെത്തന്നെ കൂട്ടുപിടിക്കും; ഹല്ലാ പിന്നെ…!!
അഴിമതിയ്ക്കെതിരെ ദേശീയതലത്തില്‍ യുദ്ധം ചെയ്യണം എന്ന് തോന്നിയപ്പോഴൊക്കെ കൂട്ട് കിട്ടിയത് കോണ്്ഗ്രസ്സിനെത്തന്നെയായിരുന്നു…!! തമിഴ്നാട്ടില്‍ ജയലളിതയുടെ അഴിമതിഭരണത്തിനെതിരെ അനവധി വര്‍ഷം ഘോരഘോര ജനകീയസമരങ്ങള്‍ (ആരും ചിരിക്കരുത്.. പ്ലീീസ്) നടത്തിയവര്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയെ ചീത്ത പറഞ്ഞത് മുന്നണിയില്‍ കൂട്ടി ചോദിച്ച സീറ്റ് തന്നു മത്സരിപ്പിക്കാത്തതിനാണ്…കാലിത്തീറ്റക്കേസിലെ ലാലുവിനെയും വിവിധ ഇനങ്ങളില്‍ മികവു തെളിയിച്ച മുലായംജിയെയും ഒക്കെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ അഴിമതിയ്ക്കെതിരെയുള്ള പോരാട്ടം നടത്തിക്കൊണ്ടു പോകുന്നത്..
അഖിലേന്ത്യാതലത്തിലെ അഭ്യാസമൊന്നും മലയാളമണ്ണില്‍ പയറ്റുന്ന പതിവ് ഇതുവരെ ഇല്ലായിരുന്നു. ഉദാ: പല സ്ഥലത്തും കോണ്‍ഗ്രസ്സിന്റെ പാത്രത്തില്‍ നിന്നും കഞ്ഞികോരിക്കുടിച്ച് ജീവിക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്യു.ഡി.എഫ് ഇടപാടുകളൊക്കെ മ്ലേച്ഛം എന്നുതന്നെയായിരുന്നു പോളിറ്റ്ബ്യൂറോ വെളിപാടുകള്‍…! പക്ഷെ ഇപ്പോള്‍ ആ വെളിപാടിനൊക്കെ ചെറ്യ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്..!! കോണ്‍ഗ്രസ് യു.ഡി.എഫ് ഇനങ്ങളുടെ വമ്പന്‍ അഴിമതികള്‍ക്കെതിരെ അനവധി നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഒരു സംതൃപ്തി ഇല്ലാതെ വിഷമിച്ച് ഇരിക്കുമ്പോഴാണ് ആ കലാപരിപാടിയ്ക്ക് പറ്റിയ ബെസ്റ്റ് ഒരു സാധനത്തെ ഒപ്പം കിട്ടിയത്..മെയ്ഡ് ഇന്‍ കൊട്ടാരക്കര…!!
അഴിമതിയ്ക്കെതിരെ സമരം നടതതിയതിന്റെ പേരില്‍ കുറച്ചു നാള് ജയിലില്‍ കിടന്നിട്ടുണ്ട്…അന്ന് ശിക്ഷയില്‍ ഇളവ് കൊടുത്ത് പുറത്തേയ്ക്ക് ഇറക്കിയത് ഈ അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് ആണ്..! ഒടുവില്‍ കളഞ്ഞുപോയ മന്ത്രിസ്ഥാനം തിരികെ കിട്ടാത്തതിന്റെ പേരില്‍ വീണ്ടും അഴിമതിയ്ക്കെതിരെ സമരം നടത്തി പുറത്തേയ്ക്ക് പോന്നു…!! ഇവരെയല്ലാതെ വേറെയാരെയാണ് അഴിമതിയ്ക്കെതിരായ സമരങ്ങളില്‍ ഒപ്പം കൂട്ടേണ്ടത്..? ഒട്ടും അമാന്തിച്ചില്ല; പിള്ളയെയും പുള്ളയെയും ഒപ്പംകൂട്ടി സെക്രട്ടേറിയേറ്റ് നടയില്‍ അഴിമതി വിരുദ്ധ സമരം അങ്ങോട്ട് തുടങ്ങി.. പണ്ട് രാപ്പകല്‍ സമരത്തിനു ഒപ്പം കിടന്ന് ഇപ്പോള്‍ അപ്പുറത്തേയ്ക്ക് പൊറുതി മാറ്റിയ ആര്.എസ്.പി യെ ഒന്ന് വിളിച്ചു നോക്കി..പക്ഷെ രാപ്പനി അറിഞ്ഞത് കൊണ്ട് അവര്‍ തിരിഞ്ഞുപോലും നോക്കിയില്ല… മാണിയെ വേണമെങ്കില്‍ ഒന്ന് വിളിച്ചു നോക്കാമായിരുന്നു…!! പണ്ട് പ്ലീനത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ വിളിച്ചതിന്റെ നന്ദിയുണ്ടെങ്കില്‍ അദ്ദേഹം വരും..!! പക്ഷെ ശരിയാകുമോ എന്നൊരു സംശയം..!!!
അപ്പോഴാണ് ലീഗിന്റെ കാര്യം ഓര്‍ത്തത്..!! ഈ അന്തരീക്ഷത്തില്‍ പറ്റിയ ഇനം തന്നെയാണ്…!! കേസ് കൊടുത്ത് ജയിലിലാക്കിയ പിള്ളയെ അച്ചുമാമന് കൈകൊടുത്ത് സമരപ്പന്തലിലെയ്ക്ക് ആനയിച്ച ഫോട്ടോ കണ്ടു നാട്ടുകാരും അണികളും സമരപുളകിതരായി ഇരിക്കുകയാണ്…!! ഇതേ വേദിയില്‍ത്തന്നെ വച്ച് താന്‍ വിജിലന്‍സിന് അഴിമതിയുടെ തെളിവ് സമര്‍പ്പിച്ച ഇബ്രാഹിംകുഞ്ഞിനെ ഗണേഷ്കുമാര് കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ കൂടി തരപ്പെടുത്തിയാല്‍ പിന്നെ ഒരു സംശയവും വേണ്ടാ; അഴിമതി ആ സ്പോട്ടില്‍ അവസാനിക്കും..!!
Discussion about this post