സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംവിധായകന് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക് വരെ എത്തിയെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇടപെട്ടാണ് രണ്ടുപേരെയും ശാന്തരാക്കിയത്.
‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. ‘ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.
അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാര്‍ മത്തായി സ്പീക്കിങ്-2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടതെന്നും ,ഇത് ഷമ്മിയെ കുപിതനാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ‘തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാല്‍മതി’യെന്നും ഷമ്മി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.
തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്.
Discussion about this post