40,000ത്തോളം പേര് പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര യോഗാദിനാഘോഷത്തെ സ്വാഗതം ചെയ്ത് യോഗാചാര്യന്മാര്. യോഗയുടെ പ്രാധാന്യം ലോകത്തിനു തന്നെ മനസ്സിലാക്കിക്കൊടുക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചെന്ന് ആത്മിയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇതിന്റെ എല്ലാ അംഗീകാരവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹം പറഞ്ഞു.
പിറവികൊണ്ടത് ഇന്ത്യയിലാണെങ്കിലും ഇതു വരെ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെയാണ് യോഗ നിലനിന്നത്. ഇന്ന് യോഗയുടെ പാരമ്പര്യമോര്‍ത്ത് അഭിമാനിക്കാനും ആഘോഷിക്കാനുമുള്ള അവസരമാണ് വന്നിരിക്കുന്നത്. ശരീരത്തിനും മനസ്സിനും അപ്പുറം വ്യാപിച്ചു കിടക്കുന്ന ഒന്നാണ് യോഗ എന്നും അദ്ദേഹം പറഞ്ഞു.
ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളുള്ള യോഗാഭ്യാസത്തിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ യോഗദിനാഘോഷത്തിലൂടെ സാധിക്കുമെന്ന് യോഗ ചികിത്സകനായ പിസി കപൂര്‍ അഭിപ്രായപ്പെട്ടു. യോഗാദിനാഘോഷം ആഗോള തലത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗങ്ങളെ പ്രതിരോധിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള ഏറഅറവും നല്ല മാര്‍ഗ്ഗമാണ് യോഗാഭ്യാസം. ചികിത്സയെക്കാള്‍ നല്ലതാണ് രോഗപ്രതിരോധം എന്ന തത്വത്തിലാണ് യോഗ അധിഷ്ഠിതമായിരിക്കുന്നത് എന്നും അദ്ദേഹം ഫറഞ്ഞു.
സ്വയം തിരിച്ചറിയുന്നതിനും മാനസിക വികാസം ഉണ്ടാകുന്നതിനു ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യോഗാഭ്യാസം എന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തിലെ സൈക്കോളജി പ്രോഫസറായ വിജയ് സിങ് അഭിപ്രായപ്പെട്ടു. ആരോഗ്യവാന്മാരായിരിക്കുവാന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാര്‍ഗ്ഗമാണ് യോഗയെന്നും ഇതേ സന്ദേശമാണ് നരേന്ദ്ര മോദി ജൂണ്‍ 21ലെ പരിപാടിയിലൂടെ നല്കാന് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ യോഗയെ വിപണന വസ്തുവാക്കുകയാണ് യോഗദിനാഘോഷത്തിലൂടെ ചെയ്യുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. യോഗയ്ക്ക അത്യാവശ്യം വേണ്ടത് ധ്യാനമാണെന്നും പൊതു പരിപാടിയില്‍ ഇത് സാധ്യമാകില്ല എന്നും യോഗാചാര്യനായ ബിമല്‍ ഗുപ്ത പറയുന്നു. ലോകനേതാവാകാനുള്ള മോദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് യോഗഗിനാഘോഷമെന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്സ് അധ്യാപകനായ സരോജ് ഗിരി അഭിപ്രായപ്പെട്ടു. യോഗയെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി അല്ല കാണുന്നതെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രമാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post