വിവാഹ ചടങ്ങിനിടെ സ്ത്രീകള്‍ സ്റ്റേജില്‍ കയറി മൈക്ക് ഉപയോഗിച്ചതിനും ഫോട്ടോയെടുത്തതിനും കുട്ടികള്‍ നൃത്തം ചെയ്തതിനും തൃത്താല സ്വദേശിക്ക് ബഹിഷ്കരണമേര്‍പ്പെടുത്തി മഹല്ല് കമ്മിറ്റി. തൃത്താല ആലൂര് സ്വദേശി ഡാനിഷ് റിയാസിന്റെ കുടുംബത്തിനാണ് ആലൂര് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയത്. ഒന്നരമാസമായി വിലക്ക് തുടരുന്നുണ്ടെന്ന് ഡാനിഷ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഡാനിഷ് റിയാസിന്റെ സഹോദരന്റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ സ്ത്രീകള്‍ സ്റ്റേജില്‍ കയറി മൈക്ക് ഉപയോഗിച്ചതും ഫോട്ടോയെടുത്തതും കുട്ടികള്‍ നൃത്തം ചെയ്തതുമാണ് മഹല്ല് കമ്മിറ്റിയെ ചൊടിപ്പിച്ചത്. ബഹിഷ്കരിക്കാനുള്ള തീരുമാനം ഡാനിഷിന്റെ സഹോദരനെ നേരിട്ട് വിളിച്ചറിയിച്ചിട്ടുമുണ്ട്. ഇതിന് പുറമെ ജുമുഅയ്ക്ക് ശേഷം കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍ ഖത്തീബ് സംസാരിച്ചുവെന്നും ഡാനിഷ് റിയാസ് പറയുന്നു. എന്നാല്‍ വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആലൂര് മഹല്ല് കമ്മിറ്റി വാദിക്കുന്നു.
മഹല്ലില്‍ പുതിയ ഖത്തീബ് വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള വിലക്കുകള്‍ വന്നതെന്ന് ഡാനിഷ് പറഞ്ഞു. രണ്ടര വര്‍ഷം മുന്‍പ് തന്റെ വിവാഹചടങ്ങില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ മഹല്ല് കമ്മിറ്റി ഇടപെട്ട് അതെല്ലാംനിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ടാണ് മഹല്ലില്‍നിന്ന് 13 കിലോമീറ്റര്‍ അകലെ എടപ്പാളില്‍ വെച്ച് സഹോദരന്റെ വിവാഹം നടത്തിയതെന്ന് ഡാനിഷ് റിയാസ് പറഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ മതവിശ്വാസികളാണെന്നും മഹല്ല് കമ്മിറ്റിയുടെ തീരുമാനം അവരെ വിഷമിപ്പിക്കുകയാണെന്നും ഡാനിഷ് പറഞ്ഞു.
ബഹിഷ്കരണത്തിന് ശേഷം തന്റെ വീട്ടില്‍നിന്ന് പള്ളിയിലേക്കുള്ള മാസവരിസംഖ്യ വാങ്ങാറില്ലെന്നും ഉസ്താദുമാര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞെന്നും ഡാനിഷ് വെളിപ്പെടുത്തി. എന്നാല്‍ ഒരു തരത്തിലുള്ള വിലക്കും കുടുംബത്തിന് മഹല്ല് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റിയുടെ വിശദീകരിക്കുന്നു. സ്ത്രീകള്‍ ഫോട്ടോയെടുക്കുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും വിലക്കില്ലെന്നും മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂര് പറഞ്ഞു. വിവാഹചടങ്ങുകളില്‍ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാവര്ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പള്ളിയില്‍ ജുമുഅയ്ക്ക് ശേഷം ഒരു ഉപദേശത്തിന്റെരീതിയിലാണ് ഖത്തീബ് സംസാരിച്ചതെന്നും മഹല്ല് കമ്മിറ്റി പറയുന്നു. ഡാനിഷിന്റെ കുടുംബത്തെ പേരെടുത്ത് പറഞ്ഞിട്ടില്ല. രണ്ടുതവണയും കമ്മിറ്റിയുടെ നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ കുടുംബവുമായി തല്ക്കാലം സഹകരിക്കേണ്ട എന്ന തീരുമാനമാണ് എടുത്തതെന്ന് കമ്മിറ്റി പറഞ്ഞു.
Discussion about this post