വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ വെടിയേറ്റ് കൊല്ലപ്പെട്ടതായുള്ള വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം നിഷേധിച്ച് യുഎസ് അധികൃതർ രംഗത്തെത്തിയത്. കാലിഫോർണിയയിൽ രണ്ട് പേർക്ക് നേരെ വെടിവെപ്പ് ഉണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്ത കാര്യം യുഎസ് സ്ഥിരീകരിച്ചു
കാലിഫോർണിയയിൽ വച്ച് വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു എന്ന കാര്യം സത്യമാണെന്ന് യുഎസ് ലെഫ്റ്റനൻ്റ് വില്യം ജെ. ഡൂളി വ്യക്തമാക്കി. എന്നാൽ അത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ ഗോൾഡി ബ്രാർ അല്ല. ആക്രമണത്തിന് ഇരയായ രണ്ടു പേരെയും യുഎസ് പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.
ചൊവ്വാഴ്ച കാലിഫോർണിയയിലെ ഫ്രെസ്‌നോയിലെ ഫെയർമോണ്ടിലും ഹോൾട്ട് അവന്യൂവിലും വെച്ചാണ് രണ്ടുപേർക്ക് വെടിയേറ്റിരുന്നത്.
നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ബന്ധമുള്ള ഭീകരനാണ് ഗോൾഡി ബ്രാർ. 2022ൽ റാപ്പ് താരവും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയും ആയിരുന്നു ഇയാൾ. പഞ്ചാബിലെ തൻ്റെ സംഘത്തിലെ ഒരു പ്രമുഖ വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയതെന്ന് ഗോൾഡി ബ്രാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആറോളം കൊലപാതക കേസുകൾ, വധശ്രമക്കേസുകൾ, കൊള്ളയടിക്കൽ കേസുകളിൽ പ്രതിയാണ് കുപ്രസിദ്ധ കുറ്റവാളിയായ ഗോൾഡി ബ്രാർ.
Discussion about this post