കൊച്ചി:കേരളത്തിലെ മുസ്ലിങ്ങളോട് ഉത്തരേന്ത്യന്‍ മുസ്ലിം നേതൃത്വത്തിന് വംശീയവും ജാതീയവുമായ സമീപനമെന്ന് ജമാ അത്തെ ഇസ്ലാമി മാധ്യമപ്രവര്ത്തകന് ഹസനുല്‍ ബന്ന. ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ മുസ്ലിം പണ്ഡിതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്ത മാധ്യമം ഡല്‍ഹി ലേഖകന്‍ ബന്നക്കെതിരെ ഒരു വിഭാഗം മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തന്റെ നിലപാട് വിശദമാക്കിയെഴുതിയ പോസ്റ്റിലാണ് ഉത്തരേന്ത്യന്‍ മുസ്ലിം നേതൃത്വത്തിന് കേരളത്തിലെ മുസ്ലിങ്ങളോടുള്ള മനോഭാവം ഹസനുല്‍ ബന്ന വിശദീകരിച്ചത്. മലയാളികളോട് ഉത്തരേന്ത്യന്‍ മൗലാനമാരും സയ്യിദുമാരും അടങ്ങുന്ന ഉര്‍ദു വരേണ്യര്‍ക്ക് മലയാളികളോട് പുഛവും പരിഹാസവും അവജ്ഞയും നിറഞ്ഞ സമീപനമാണെന്നുംപോസ്റ്റില് പറയുന്നു. ബിജെപി അനുകൂല വിഭാഗമാണ് കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദവി നല്‍കിയതെന്നാണ് മറ്റ് സംഘടനകളുടെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ചോദ്യം ഒന്നേയുള്ളൂ
കേരളത്തിനകത്തെന്ന പോലെ തന്നെ പുറത്ത് കടന്ന് തങ്ങളുടെ വിഭവങ്ങളും ആള്‍ബലവും കൊണ്ട് ഉത്തരേന്ത്യയില്‍ സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം മത രാഷ്ട്രീയ സംഘടനകളില്‍ ഭൂരിഭാഗവും.
ഇത്രയൊക്കെ പണിയെടുത്തിട്ടും വാരിക്കോരി ഉദാരത കാണിച്ചിട്ടും ഈ മലയാളികളോട് ഉത്തരേന്ത്യന്‍ മൗലാനമാരും സയ്യിദുമാരും അടങ്ങുന്ന ഉര്‍ദു വരേണ്യര്‍ വെച്ചു പുലര്‍ത്തുന്ന പുഛവും പരിഹാസവും അവജ്ഞയും നിറഞ്ഞ ഒരു സമീപനമുണ്ട്.
മലയാളികള്‍ സാക്ഷരരാണ്, മതപരമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്നവരാണ്, ഉദാരമതികളാണ് എന്നൊക്കെ മുഖത്ത് നോക്കി പറഞ്ഞ ശേഷം തിരിഞ്ഞ് നിന്ന് വല്ലാത്ത പോഴത്തക്കാര്‍ തന്നെ എന്ന് പറയുന്ന വംശീയവും ജാതീയവുമായ സമീപനമാണത്.
ഉദാരമതികളായ മലയാളി മുസ്ലിംകളേ, നിങ്ങള്‍ ആളായും അര്‍ഥമായും തരാനുള്ളതൊക്കെ ഇങ്ങ് തന്ന് പോയ്ക്കോളൂ, കൈകാര്യ കര്തൃത്വത്തിന് തങ്ങള്‍ സാമര്‍ഥ്യമുള്ളവര്‍ ഇവിടെ ഉത്തരേന്ത്യയില്‍ തന്നെയുണ്ട് എന്ന അഹങ്കാരമാണത്.
ഈ വംശീയത ഒരു ദശകമായി നേരില്‍ കാണുന്നത് കൊണ്ടാണ്, മതപരമായ വിഷയങ്ങളില്‍ തന്നേക്കാള്‍ കടുകട്ടിയുള്ള നിലപാടുള്ള ഉത്തരേന്ത്യയിലെ ബറേല്വികള്ക്കിടയില് കേരളത്തില്‍ നിന്ന് വന്ന് പ്രവര്‍ത്തിച്ച കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍ ഈ ഉത്തരേന്ത്യന്‍ വരേണ്യതയെ മറികടന്ന് അവരുടെ ഗ്രാന്റ് മുഫ്തിയായത് വലിയ സംഭവം തന്നെ എന്ന് പറയുന്നത്.
കേരളത്തിന്റെ ‘ഠ ‘ വട്ടത്തില്‍ നിന്ന് തങ്ങളും തങ്ങള്‍ക്ക് ചുറ്റിലും ഉള്ളത് മാത്രമാണ് ലോകമെന്ന് മറ്റു മലയാളികളെ പോലെ തന്നെ കരുതുന്നത് കൊണ്ടാണ് ഒരു മലയാളി സ്വന്തം സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉത്തരേന്ത്യയില്‍ കൈവരിച്ച ഈ നേട്ടത്തെ ആ തരത്തില്‍ പലര്‍ക്കും കാണാന്‍ കഴിയാത്തത്.
അവരോട് ഒരേ ഒരു ചോദ്യമേ ഉള്ളൂ. ഉത്തരേന്ത്യന്‍ വരേണ്യ മൗലാനമാരെ സ്വന്തം സംഘടനാ സംവിധാനത്തില്‍ അതിജയിച്ച് അവര്‍ക്ക് മുകളില്‍ അവരാല്‍ പ്രതിഷ്ഠിക്കപ്പെട്ട മറ്റൊരു മലയാളി മുസ്ലിം നേതാവിന്റെ പേര് പറയാമോ? സംഘടന ഏതുമായ്ക്കോട്ടെ.
Discussion about this post