അങ്കാറ: യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, തുർക്കി പ്രസിഡന്റ് റസപ് തയ്യിപ് എർദോഗൻ ജർമ്മനയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അസർബൈജാൻ സന്ദർശനം റദ്ദാക്കി എർദോഗൻ അടിയന്തിരമായി ജർമ്മനിക്ക് പോകുന്നത്, യൂറോ കപ്പിലെ തുർക്കി- നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരം കാണാനാണ് എന്നാണ് റിപ്പോർട്ട്.
ഓസ്ട്രിയക്ക് എതിരായ മത്സരത്തിന്റെ അവസാനം, തുർക്കി താരം മെറി ഡെമിറാൽ നൽകിയ അഭിവാദ്യമാണ് വിവാദമായിരിക്കുന്നത്. വൂൾഫ് സല്യൂട്ട് എന്നറിയപ്പെടുന്ന ആംഗ്യമാണ് ഡെമിറാൽ കാണിച്ചത്. ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിലക്കുള്ള തീവ്രദേശീയ അടയാളമാണ് വൂൾഫ് സല്യൂട്ട്. തുർക്കിയിൽ ഇത് എർദോഗന്റെ പാർട്ടി പ്രവർത്തകർ പതിവായി ഉപയോഗിക്കുന്ന അഭിവാദ്യ രീതിയാണ്.
ഡെമിറാൽ വിവാദ ആംഗ്യം കാട്ടിയതിനെ തുടർന്ന് യുവേഫ, താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, ഡെമിറാലിന്റെ പ്രവൃത്തിയെ യൂറോ കപ്പ് ആതിഥേയരായ ജർമ്മനി ശക്തമായി അപലപിച്ചിരുന്നു. തുടർന്ന് തുർക്കിയിലെ ജർമ്മൻ അംബാസിഡറെ തുർക്കി സർക്കാർ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ ജർമ്മനിയും തുർക്കി അംബാസിഡറെ വിളിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഡെമിറാലിനും സംഘത്തിനും രാഷ്ട്രീയ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് എർദോഗൻ കളി കാണാനെത്തുന്നത് എന്നാണ് യൂറോപ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post