ലണ്ടൻ: ഭീകരസംഘടനക്ക് നേതൃത്വം നൽകിയെന്ന കേസിൽ, കുറ്റം നിഷേധിച്ച് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ അഞ്ജിം ചൗധരി. 2014ൽ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ അൽ മുഹാജിറൂണിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റമാണ് പാക് വംശജനായ ബ്രിട്ടീഷ് ഇസ്ലാമിക മതപ്രഭാഷകൻ അഞ്ജിം ചൗധരി നിഷേധിച്ചത്.
വർഷങ്ങളായി അൽ മുഹാജിറൂണിന് വേണ്ടി പ്രവർത്തിച്ച് വരികയായിരുന്ന ചൗധരിയെ, കൂട്ടാളിയായ കനേഡിയൻ പൗരൻ ഖാലിദ് ഹുസൈനൊപ്പം കഴിഞ്ഞ ജൂലൈയിലാണ് അറസ്റ്റ് ചെയ്തത്. സംഘടനയുടെ സ്ഥാപകൻ ഒമർ ബക്രി മുഹമ്മദ് ജയിലിലായതോടെയാണ് ചൗധരി നേതൃപദവിയിലേക്ക് വന്നത്. അൽ മുഹാജിറൂണിന്റെ ആശയപ്രചാരണാർത്ഥം പ്രവർത്തിക്കുന്ന ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റി എന്ന സംഘടനയുടെ യോഗങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് ഇയാളായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
താൻ നടത്തിയത് ഭീകരപ്രവർത്തനമല്ലെന്നും അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് സ്വർഗവാതിൽ കാട്ടിക്കൊടുക്കുന്ന പുണ്യപ്രവൃത്തിയാണ് താൻ ചെയ്തതെന്നുമാണ് ചൗധരി വൂൾവിക് ക്രൗൺ കോടതിയിൽ വാദിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് തിങ്കേഴ്സ് സൊസൈറ്റിക്ക് അൽ മുഹാജിറൂണുമായി യാതൊരു ബന്ധവുമില്ലെന്നും ചൗധരി ആവർത്തിക്കുന്നു.
മാഞ്ചസ്റ്റർ അരീനയിലും ലണ്ടൻ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളുമായി തനിക്കോ ബക്രി മുഹമ്മദിനോ യാതൊരു ബന്ധവുമില്ല. ഇസ്ലാമിക നേതാക്കളാകുമ്പോൾ മതപരമായ കാര്യങ്ങളിൽ പരസ്പരം സഹകരിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ബന്ധപ്പെട്ട ആരെങ്കിലും പിന്നീട് ഭീകരാക്രമണങ്ങൾ നടത്തിയാൽ അതിൽ തങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും ചൗധരി വാദിച്ചു.
വിചാരണക്കിടെ 9/11 ഭീകരാക്രമണത്തിന്റെ ഇരകളെയും ചൗധരി പരിഹസിച്ചു. വിവിധ കേസുകളിൽ ഇയാളുടെ വിചാരണ തുടരുകയാണ്.
Discussion about this post