മലപ്പുറം: സംസാരിക്കാൻ പ്രയാസമുള്ള 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബന്ധുവായ 48 വയസ്സുകാരന് 120 വർഷം കഠിന തടവ് ശിക്ഷ. ജയിൽ ശിക്ഷയ്ക്ക് പുറമേ, പ്രതിയായ വാഴക്കാട് സ്വദേശി എട്ട് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും മഞ്ചേരിയിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടു.
2014ലെ തിരുവോണം നാളിൽ ഭാര്യവീട്ടിൽ വിരുന്നിനെത്തിയ പ്രതി, രാത്രി തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ബന്ധുവായ കുട്ടിയെ വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് മാനസിക സമ്മർദ്ദത്തിലായ കുട്ടിയെ ആഴ്ചകൾക്ക് ശേഷം പ്രതി സമാനമായ രീതിയിൽ വീണ്ടും പീഡനത്തിനിരയാക്കി. പിന്നീട് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ അമ്മ ആശുപത്രിയിൽ കൊണ്ട് പോയി. അവിടെ നടന്ന മെഡിക്കൽ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
പോക്സോ ഉൾപ്പെടെ നാല് വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. നാലു വകുപ്പുകളിലുമായി 30 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു വര്‍ഷം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടറായിനുന്ന കെ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ, ബി സന്തോഷ്, പി കെ സന്തോഷ്, എം സി പ്രമോദ് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
Discussion about this post