ലഖ്നൗ: ഒൻപത് വയസ്സുകാരനെ മദ്രസയ്ക്കുള്ളിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുക്കളായ രണ്ട് പേരെ ഫത്തേപൂർ പോലീസ് അറസ്റ്റ് ചെയ്തു. ദിൽനവാസ്, റാകിമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 29നാണ് മദ്രസ അദ്ധ്യാപകനായ ദിൽനവാസും ബന്ധുവായ റാകിമുദ്ദീൻ മൗലവിയും ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുട്ടിയെ കൊലപ്പെടുത്തിയത്. പീഡന വിവരം കുട്ടി പുറത്ത് പറയുമെന്ന് ഭയന്ന പ്രതികൾ, കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ കിണറ്റിൽ തള്ളുകയായിരുന്നു.
അശ്ലീല വീഡിയോകൾക്ക് അടിമയാണ് ദിൽനവാസെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. മദ്രസയിൽ കുട്ടി ഒറ്റയ്ക്കായ സമയം നോക്കിയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹം ചാക്കിലാക്കി ബൈക്കിൽ കൊണ്ടു പോയാണ് സംഭവസ്ഥലത്ത് നിന്നും 400 മീറ്റർ അകലെയുള്ള കിണറ്റിൽ തള്ളിയത്.
പ്രതികൾ നടത്തുന്ന മദ്രസയില്‍ ഇരുപതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും ജില്ലാ ന്യൂനപക്ഷ ക്ഷേമ വകുപ്പും വെവ്വേറെ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. മദ്രസ നിയമപരമായാണോ പ്രവർത്തിക്കുന്നത് എന്ന കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ജൂൺ 30ന് സൗറ ഗ്രാമത്തിലെ ആട്ടിടയന്മാരാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് മൃതദേഹം പുറത്തെടുത്തപ്പോൾ കുട്ടിയുടെ കൈകാലുകൾ ബന്ധിച്ചിരുന്നതായും വായിൽ ടേപ്പ് ഒട്ടിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
കുട്ടിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയും ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസ് എടുക്കുകയായിരുന്നു.
അറബിയും മതവും പഠിപ്പിക്കുന്നതിന് വേണ്ടി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് രക്ഷിതാക്കള്‍ കുട്ടിയെ ഉലമ മദ്രസയിലേക്ക് അയച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
Discussion about this post