തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണം അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ പെരുമാറ്റം ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആയിരുന്ന തോമസ് ഐസക്ക്. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുർബലപ്പെട്ടു. വിശ്വാസ്യതയ്ക്ക് ഇടിവ് തട്ടി എന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർതരംഗമുണ്ടെന്ന് മനസ്സിലാക്കാനായില്ല എന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫിന്റെ വലിയൊരു വിഭാഗം വോട്ടർമാർ യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തതായും തോമസ് ഐസക് വെളിപ്പെടുത്തി. വോട്ടർമാരുടെ മനോഭാവത്തിൽ വന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്ക് ഉണ്ടായ വീഴ്ച വലുതാണ്. വീഴ്ച സംഘടനാപരമാണ് എന്നും തോമസ് ഐസക് വ്യക്തമാക്കി.
വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാർ എന്ന് മാവോയുടെ പ്രസിദ്ധമായ ചൊല്ലുണ്ട്. ജനങ്ങളോട് എപ്പോഴും വിനയത്തോടെ വേണം പെരുമാറാൻ. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർധിക്കുന്നുണ്ട് എന്നും തോമസ് ഐസക്ക് സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post