(പെന്‍ഡ്രൈവ്) നന്ദികേശന്
പാര്‍ട്ടി ഓഫീസുകളെപ്പറ്റിയുള്ള കാഴ്ചപ്പാടും ധാരണകളും മാറ്റി വയ്ക്കാന്‍ സമയമായി..! ഇതുവരെ നമ്മള് വിചാരിച്ചിരുന്നത് വിപ്ലവആഹ്വാനവും ദൈവനിഷേധവും മാത്രം നിറഞ്ഞ ഭാര്‍ഗവീനിലയങ്ങളാണ് ഓരോ ഓഫീസും എന്നല്ലേ..? എന്നാല്‍ ഇനിയങ്ങോട്ടുള്ള കാലം അങ്ങനെയായിരിക്കില്ല.. ത്രിസന്ധ്യാ സമയത്ത് ബാലസംഘംഎസ്.എഫ്.ഐ കുരുന്നു വിപ്ലവകാരികള്‍ മേല്‍ കഴുകി അകത്തു നിന്നും നിലവിളക്കുമായി ‘ദീപം, ദീപം’ എന്ന നാമത്തോടെ പൂമുഖത്തേയ്ക്ക് വരുന്നു..! ഉമ്മറത്ത് ചാരുകസേരയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഗതകാലപ്രൗഡി അയവിറക്കി ഏമ്പക്കം വിട്ട് ചാരുകസേരയില്‍ കിടക്കുന്ന ഓഫീസ് സെക്രട്ടറി നേതാവിനോട് ‘മുത്തശ്ശാ.., വിളക്ക്’ എന്ന് പറയുന്നു..! മുത്തശ്ശന് തൊഴണോ വേണ്ടയോ എന്ന സംശയത്തില്‍ നില്ക്കുന്നു..! കുരുന്ന് മുറ്റത്തെയ്ക്ക് ഇറങ്ങി ഉമ്മറത്തുള്ള രക്തസാക്ഷിത്തറയില് തിരിവയ്ക്കുന്നു.! തിരികെ പൂമുഖത്തെയ്ക്ക് കയറി വിളക്ക് താഴെ വയ്ക്കുന്നു. എന്നിട്ട് ചമ്രം പടിഞ്ഞിരുന്നു വിപ്ലവഗാനങ്ങള്‍ ഈണത്തില്‍ ചൊല്ലുന്നു..!!!
ആരും ചിരിക്കരുത്.! സംഗതി ഗൗരവമുള്ളതാണ്. വിപ്ലവജ്വാല പകരാന്‍ ചോരതുടിക്കും ചെറുകയ്യുകളില് ഏന്തേണ്ടത് പന്തങ്ങളല്ല, നല്ല ഫ്യൂഡല്‍ നിലവിളക്കുകളാണ് എന്ന് അനുഭവങ്ങളിലൂടെ പാര്‍ട്ടി പഠിച്ചുവരികയാണ്.. വിളക്ക് കൊളുത്താന്‍ ഒഴിക്കുന്ന വെളിച്ചെണ്ണ കൊണ്ട് പപ്പടം കാച്ചിക്കൂടെ എന്ന് ചോദിച്ച പഴയ ധിക്കാരിയായ സഖാവ് ഇന്ന് വന്നു ഈ ചോദ്യം ആവര്‍ത്തിച്ചാല്‍ ചന്തിക്ക് ചട്ടുകം പഴുപ്പിച്ച് വച്ചു കളയും.!
പാഠപുസ്തകം കിട്ടാത്തതിന് വിദ്യാഭ്യാസമന്ത്രിയെ പ്രതിഷേധം അറിയിക്കാനുള്ള സ്വാതന്ത്ര്യം സഖാക്കള്ക്കില്ലേ എന്നൊന്നും ചോദിക്കരുത്.! തീര്‍ച്ചയായും ഉണ്ട്..! പക്ഷെ അതിനുവേണ്ടി സവര്‍ണ്ണ ഫ്യൂഡല്‍വ്യവസ്ഥയുടെ ചിഹ്നമായ, പൂര്‍വസൂരികള്‍ തട്ടിന്‍പുറത്ത് ഉപേക്ഷിച്ച നിലവിളക്ക് എടുത്തുകൊണ്ട് വന്നു ചകിരിയും പുളിയും കൊണ്ട് തേച്ച് മിനുക്കിയെടുത്ത് തിരിയിട്ടു കത്തിച്ച ബുദ്ധിയാണ് ബുദ്ധി..! വിളക്ക് വിരുദ്ധന്‍ കൂടിയായ മന്ത്രിയോടുള്ള പ്രതിഷേധം പൂര്‍ണമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത മാര്‍ഗ്ഗം എന്ന് മതേതര അണികളെ വിശ്വസിപ്പിക്കാം, അതിനോടൊപ്പം തന്നെ ഹിന്ദു ആചാരങ്ങളോടു ഒരു അയിത്തവും പാര്‍ട്ടിയ്ക്ക് ഇല്ല എന്ന് ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു അണികളെ ബോധിപ്പിക്കുകയും ചെയ്യാം..എന്താ ഒരു ബുദ്ധി, ല്ലേ..?!
അരുവിക്കരയില്‍ വഞ്ചി കരയ്ക്കടുക്കാതായതോടെയാണ് സഖാക്കള്‍ക്ക് ഈ ബുദ്ധി തെളിഞ്ഞു തുടങ്ങിയത് എന്നാണു ജനസംസാരം..! അപ്പുറത്ത് കോണ്‍ഗ്രസ് രഹസ്യമായി ഇരു പള്ളികളുടെയും വോട്ട് ഉറപ്പിച്ചു തുടങ്ങിയിട്ട് നാളുകളൊത്തിരിയായി.! എത്രയൊക്കെ അങ്ങോട്ട് ചെന്ന് സേവപിടിച്ചാലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ കൃത്യമായി ക്യൂ നിന്ന് വലതുപെട്ടിയില് വോട്ടിട്ടേച്ച് പോവും. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുപിന്നോക്ക വിഭാഗങ്ങളായിരുന്നു ഇപ്പുറത്തെ ശക്തി..! പക്ഷെ കക്ഷത്തിലിരുന്നതിനെ നോക്കാതെ ഉത്തരത്തിലിരിക്കുന്നതിനെ എടുക്കാന്‍ ശ്രമിക്കുക എന്ന പൊതുമിനിമം പരിപാടി നടപ്പാക്കിയതോടെ സംഗതി ക്ലീന്‍.! ന്യൂനപക്ഷം പതിവുപോലെ യു.ഡി.എഫ് കോട്ടയില്‍ത്തന്നെ നില്‍ക്കുകയും ചെയ്തു; ഒപ്പമുണ്ടായിരുന്ന ഭൂരിപക്ഷം പതുക്കെ എഴുന്നേറ്റ് നടന്നു ബി.ജെ.പിയുടെ പറമ്പിലേയ്ക്ക് കയറുകയും ചെയ്തു.! അപ്പോഴിനി എന്താ ചെയ്യാ.?!! ഇറങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ഘര്‍വാപസി തന്നെ വേണം.! അതിനുള്ള വിപ്ലവജ്വാലയാണ് കുരുന്നുകളുടെ കയ്യിലെ നിലവിളക്കില്‍ തെളിഞ്ഞു നിന്നത്.
ഏതായാലും കുഞ്ഞുങ്ങള്‍ നിരാശരാക്കിയില്ല.! ഇക്കുറിയും ചോര കണ്ടു തന്നെ തുടങ്ങി.! അല്ലെങ്കിലും ചുടുചോറു വാരി പുറത്തിടാന്‍ കുട്ടിസഖാക്കളുടെ കൈ തന്നെയാണ് ബെസ്റ്റ്..! ഇനി യുവസഖാക്കള്‍ ഇറങ്ങി കറിയും കൂട്ടി കുഴച്ച് വയ്ക്കും.! പിന്നെയെ മുതുസഖാക്കള് തിന്നാന്‍ വരൂ..! പക്ഷെ ഇത്തവണ അങ്ങനെ ചുടുചോറു വാരാന്‍ മാത്രമായി കുട്ടിസഖാക്കളെ വിടേണ്ട എന്ന് പിതൃക്കള്‍ തീരുമാനിച്ചു എന്ന് തോന്നുന്നു.! സമരം പറഞ്ഞൊതുക്കാന്‍ നിയമസഭയുടെ അകത്ത് നിന്നും പാഞ്ഞെത്തിയ ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് കുട്ടികള്‍ സമരതിലകം ചാര്‍ത്തിക്കൊടുത്തു.. പോലീസിന്റെ ശല്യം മൂലം അടുത്തു ചെല്ലാന്‍ കഴിയാഞ്ഞതിനാല്‍ വാരകള്‍ക്ക് അപ്പുറത്ത് നിന്നും ഒരു കരിങ്കല്‍ ചീള് കൊണ്ട് ഏതോ ഒരു മിടുക്കന് സഖാവാണ് പ്രസ്തുത കര്‍മം ലക്ഷ്യം തെറ്റാതെ കണ്ണങ്കാലില് നിര്‍വഹിച്ചത് എന്ന് കണ്ടുനിന്നവര്‍ പറയുന്നു.! നിയമസഭയ്ക്കകത്തോ പുറത്തോ, പ്രശ്നം മുതിര്‍ന്നവരുടെയോ കുട്ടികളുടെയോ, എന്തുമാകട്ടെ, അടികൊള്ളാന്‍ നേമം എം.എല്‍.എ തന്നെ, എന്നതാണ് ഇപ്പോള്‍ തലസ്ഥാന നഗരിയിലെ പുതിയ പഞ്ച് ഡയലോഗ് .!! എന്തായാലും സംഭവം ഏറ്റ മട്ടുണ്ട്..!! ഇനിയിപ്പോള്‍ തലസ്ഥാനവാസികള്‍ക്ക് റോഡിലിറങ്ങി നടക്കണം എങ്കില്‍ ആറ്റുകാലില്‍ ചെന്ന് പ്രശ്നം വെച്ചു നോക്കേണ്ടി വരും എന്ന് തോന്നുന്നു.
Discussion about this post