ചണ്ഡീഗഢ്: ഹരിയാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പ്രഖ്യാപിച്ചു. ആസാം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ രൂപം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഘട്ടറിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
പഞ്ച്കുളയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹരിയാനയിൽ മാത്രമല്ല രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കുക എന്നതാണ് തന്റെ അഭിപ്രായമെന്നും ഇത് താൻ നേരത്തെ നിരവധി തവണ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിയമ കമ്മീഷൻ സ്ഥാപിക്കുമെന്നും അതിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഭല്ലയുടെ ഉപദേശം സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2013ലെ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയത്. പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും കോടതിയുടെ മേൽനോട്ടമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയിൽ ധീരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. നിശ്ചയദാർഢ്യത്തോടെ ഭരണ നിർവ്വഹണം നടത്തുന്ന മനോഹർലാൽ ഘട്ടറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി മികച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post