ന്യൂഡൽഹി : പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് നേരെ ഉപരോധം ഏർപ്പെടുത്തുമ്പോഴും സമീപനത്തിൽ മാറ്റം വരുത്താതെ ഉറച്ച നിലപാടുമായി ഇന്ത്യ. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പിനെ മറികടന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള തീരുമാനത്തിൽ തുടരുകയാണ് ഇന്ത്യ. അറബ് രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങിയിരുന്നപ്പോൾ ഉണ്ടായിരുന്ന ചിലവിൽ വലിയ ലാഭമാണ് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യ ഉണ്ടാക്കുന്നത്.
അറബ് രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യ ഇന്ത്യയ്ക്ക് വിലക്കുറവിൽ എണ്ണ നൽകുന്നതുവഴി 2022-23 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ 11 മാസങ്ങളിൽ രാജ്യത്തിൻ്റെ എണ്ണ ഇറക്കുമതി ബില്ലിൽ 66768.9 കോടി രൂപയുടെ ലാഭമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. നേരത്തെ ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുമായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും റഷ്യയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറച്ചുനിന്നതോടെ നിലവിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നുമാണ്.
ലോകത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ എണ്ണ ഇറക്കുമതിയിലെ ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തം ലോക വിപണിയെ തന്നെ ബാധിക്കുന്നതാണ്. 2024 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിഹിതം 2022 സാമ്പത്തിക വർഷത്തിൽ 2 ശതമാനം ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിൽ 36 ശതമാനമായി ഉയർന്നു. അതേസമയം ഇന്ത്യ നേരത്തെ എണ്ണ ഇറക്കുമതി നടത്തിയിരുന്ന സൗദി അറേബ്യ , യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള വിഹിതം 34 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.
Discussion about this post