കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തി. കിയാല്‍ ജീവനക്കാര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തി. ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതോടെ വിശദമായ തുടര്‍പരിശോധന നടത്തേണ്ടിവരും. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്സ് കളര്‍ പുരസ്കാരം സമ്മാനിക്കാന്‍ രാഷ്ട്രപതി എത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
ഉളിക്കല്‍ സ്വദേശിയായ പൊതുപ്രവര്ത്തകന് ബ്രിജിത്ത് കൃഷ്ണ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്. കിയാല്‍ ജീവനക്കാരായ രണ്ടുപേര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്ത് നില്‍ക്കുന്നതിന്റെ ചിത്രവും കത്തിനൊപ്പം അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിസിവിടി ദൃശ്യങ്ങളടക്കം പരിശോധിച്ച് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച വ്യക്തമായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ഒന്‍പതു പേര്‍ക്കാണ് ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ ലാഡര്‍ പോയിന്റിലെത്താന്‍ അനുമതി നല്‍കിയിരുന്നത്.
രാഷ്ട്രപതി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി നാവികസേനാ ഹെലിക്കോപ്റ്ററില്‍ ഏഴിമലയിലേക്ക് പോകുന്ന സമയത്ത് വാഹനത്തില്‍ ഇരിക്കേണ്ട ഉദ്യോഗസ്ഥരാണ് അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ ആരുടെ അനുമതിയോടെ അവിടെയെത്തി, സുരക്ഷാ ചുമതലയുള്ളവര്‍ എന്തുകൊണ്ട് അവരെ നീക്കിയില്ല തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടിവരും.
Discussion about this post