ഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്തെത്തിയതു 16,500 പേരെന്ന് ഡല്‍ഹി പൊലീസ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 13 മുതല്‍ 24 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്ത് ഇത്രയും ആളുകള്‍ എത്തിയത്.
സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനു ശേഷം ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേരെത്തിയെന്നു കണ്ടെത്തിയത്.
ഈ 16,500 പേരെ കഴിഞ്ഞ 4 ആഴ്ചകൊണ്ടു ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ 15,000 പേരെ കണ്ടെത്തി. ഇവരുമായി ഫോണില്‍ സംസാരിച്ചു വിവരങ്ങള്‍ ശേഖരിച്ചു. കൊറോണ വ്യാപനമില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു.
മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിച്ചും തബ്ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തും മറ്റുമാണു ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.
Discussion about this post