ഡല്‍ഹി : അധോലോക നായകനും 1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ആഭ്യന്തര സെക്രട്ടറിയും ഇപ്പോള്‍ ബിജെപി നേതാവുമായ ആര്.കെ. സിങ് ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ദാവൂദിനെ വകവരുത്താന്‍ രഹസ്യമായി പദ്ധതിയിട്ടത്. ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയിരുന്നു അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ മേധാവി. ദാവൂദിന്റെ എതിരാളിയായ ഛോട്ടാ രാജന്റെ സംഘത്തില്‍ നിന്നും തിരഞ്ഞെടുത്ത ചിലര്‍ക്ക് പരിശീലനം നല്കി ദാവൂദിനെ വകവരുത്താനായിരുന്നു ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതി.
മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തെ ക്യാംപില്‍ വച്ച് ഇവര്‍ക്ക് പരിശീലനവും നല്കി. ഇതറിഞ്ഞ ദാവൂദിന്റെ അധോലോകവുമായി അടുത്ത ബന്ധമുള്ള മുംബൈ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പരിശീലന ക്യാംപില്‍ വാറന്റുമായി എത്തി ഇവരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രധാന കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള ഇന്ത്യയുടെ പദ്ധതി മുംബൈ പൊലീസ് മൂലമാണ് തകര്‍ന്നതെന്നും ആര്.കെ. സിങ് കുറ്റപ്പെടുത്തി.
ദാവൂദിനെയും ലഷ്കറെ തയിബ നേതാവായ ഹാഫിസ് സയീദിനെയും സംരക്ഷിക്കുന്നത് പാക്കിസ്ഥാനും പാക്ക് രഹസ്യാന്വേഷണ വിഭാഗവുമായ ഐഎസ്ഐയും ചേര്‍ന്നാണ്. അല്‍ഖായിദ തലവന്‍ ഒസാമ ബിന്‍ ലാദനെ കൊല്ലാന്‍ അമേരിക്ക തയാറാക്കിയതുപോലുള്ള രഹസ്യമായ സൈനിക നീക്കം ഇന്ത്യയും നടത്തണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകര്‍ ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നില്ല. ഒരു സൈനിക നീക്കം പരാജയപ്പെട്ടാല്‍ അതില്‍ നിരാശപ്പെടാതെ ശരിയായ ദിശയില്‍ മറ്റൊരു നീക്കം നടത്തുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സിങ് വ്യക്തമാക്കി.
Discussion about this post