ഡല്‍ഹി: റഷ്യയുടെ കൊവിഡ് വാക്സിന് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. അന്താരാഷ്ട്ര നിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. അതിന് ശേഷം മാത്രമേ വാക്സിന്റെ വന്‍തോതിലുള്ള ഉല്പാദനം തുടങ്ങാവുയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് ഗുലേറിയയുടെ പരാമര്‍ശം.
എത്ര പേരിലാണ് വാക്സിന് പരീക്ഷിച്ചതെന്ന് വ്യക്തമാകണം. അതിന്റെ കാര്യക്ഷമതയെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരണം. വാക്സിന് ആന്റിബോഡിയെ ഉല്പാദിപ്പിക്കും. പക്ഷേ അത് എത്രകാലം നില നില്ക്കുമെന്നതില് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്സിന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് കൊവിഡ് വാക്സിന് പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പുട്നിക് 5 എന്നാണ് വാക്സിന് റഷ്യ പേര് നല്‍കിയിരിക്കുന്നത്.
തന്റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന് പറഞ്ഞു. വാക്സിന് സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്ളാദിമര്‍ പുടിന് കൂട്ടിച്ചേര്‍ത്തു.
Discussion about this post