ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോരിൽ രണ്ട് ഭീകരരെ വധിക്കാനിടയായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരർ പാകിസ്താനിൽ നിന്നുള്ളതാണെന്നാണ് വിവരം. പാക് അധീന കശ്മീർ വഴിയാണ് ഇവർ രാജ്യത്ത് എത്തിയത് എന്നും സുരക്ഷാ സേന വ്യക്തമാക്കുന്നു.
വധിച്ച രണ്ട് ഭീകരരും ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ്. പാക് അധീന കശ്മീരിലെ മിർപൂർ സ്വദേശി സനം സഫർ, പാകിസ്താൻ റാവൽ പിണ്ടി സ്വദേശി അബ്ദുൾ വഹാബ് എന്നിവരാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീർ വഴിയാണ് ഇരുവരും കശ്മീരിൽ എത്തിയത്. കൃത്യം ഒരുമാസം മുൻപായിരുന്നു ഇവർ അതിർത്തി കടന്ന്. അതേസമയം ഏത് ഭാഗത്ത് കൂടിയാണ് ഇവർ അതിർത്തി കടന്നത് എന്ന് വ്യക്തമായിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.
രണ്ട് പേരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നും ഇരുവരും ഉത്തര കശ്മീരിലെ വനമേഖലകളിലാണ് ഒളിച്ചു കഴിഞ്ഞത് എന്ന് വ്യക്തമായിട്ടുണ്ട്. അടുത്തിടെയാണ് ഇവർ സോപോരിൽ എത്തിയതെന്നും സുരക്ഷാ സേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു സോപോരിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.









Discussion about this post