ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ഗിൽഗിത് – ബാൾടിസ്ഥാൻ പ്രദേശം അഞ്ചാമത് പ്രവിശ്യയായി മാറ്റാൻ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു,ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ മുഴുവനും ഇന്ത്യയുടേതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടേണ്ടതില്ലെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗിൽജിത് – ബാൾടിസ്ഥാൻ പ്രദേശത്ത് നവംബർ 15 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാൻ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ പ്രദേശത്തെ പാകിസ്ഥാന്റെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാനാണ് രാജ്യം പദ്ധതിയിടുന്നത്. അതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, ബലോചിസ്ഥാൻ, ഖൈബെർ പഖ്തുൻഖാവ, സിന്ധ് എന്നിവയാണ് പാകിസ്ഥാന്റെ മറ്റു 4 പ്രവിശ്യകൾ.
Discussion about this post