തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ, കേസിനെ സംബന്ധിച്ച രേഖകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ സെക്രട്ടറിയേറ്റിലെത്തിയ വിജിലൻസ് അന്വേഷണ സംഘം തദ്ദേശ സ്വയംഭരണ വകുപ്പിൽ പരിശോധന നടത്തിയതിനു ശേഷമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസെടുത്തത് വടക്കാഞ്ചേരിയിലെ കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതിയിലാണ്.
യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേഴ്സ് എന്നിവരെ കൂടാതെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പല ഉന്നതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്. ഇതിനോടകം തന്നെ, തൃശൂരിലും എറണാകുളത്തുമുള്ള യൂണിടാക് ബിൽഡേഴ്സ് ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ പരിശോധന നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അടുത്തു തന്നെ തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും അന്വേഷണ ഏജൻസി പരിശോധന നടത്തും.
Discussion about this post