തലശ്ശേരി : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കണ്ടെയ്ൻമെന്റ് സോണിൽ പാർട്ടി കുടുംബസംഗമം നടത്തിയ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള 32 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് ന്യൂമാഹി പോലീസ്. ഇരുപത്തിയേഴാം തിയതി 4.30 ന് കോടിയേരി കൊമ്മൽവയലിലെ വീട്ടിൽ നടന്ന സിപിഎം കുടുംബസംഗമത്തിൽ പങ്കെടുത്തവർക്കെതിരെയാണ് നടപടി.
പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭ അംഗവുമായ കെ. ലിജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടുടമ രവീന്ദ്രൻ, പൂവള്ളി രാജേഷ്, രാജീവൻ, മനോജ്, അശ്വിൻ, ദാമോദരൻ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 26 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി നൽകിയപ്പോൾ ആദ്യം പോലീസ് കേസെടുക്കാൻ മടിച്ചെന്നും പിന്നീട് നഗരസഭയ്ക്കും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി ഉണ്ടായതെന്നും കെ. ലിജേഷ് പറഞ്ഞു.
Discussion about this post