ഡല്‍ഹി : പ്രമുഖ വ്യാവസായിക പ്രമുഖന്മാരുമായും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കൂടിക്കാഴ്ച നടത്തും. രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപയുടെ മൂല്യം താഴുകയും സെന്‍സെക്സ് 25,000നു താഴേക്കു കൂപ്പുകുത്തുകയും ചെയ്തു. ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള മോശം വാര്‍ത്തകളും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തുമെന്നുമുള്ള വാര്‍ത്തകളും വരുന്നതിന്റെ ഇടയ്ക്കുള്ള കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു.
രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയായ 7, റേസ് കോഴ്സ് റോഡിലാണ് കൂടിക്കാഴ്ച. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് യോഗത്തില്‍ പങ്കെടുക്കും. അംബാനി സഹോദരന്മാരായ മുകേഷും അനിലും, ടാറ്റാ ഗ്രൂപ്പിന്റെ സൈറസ് മിസ്ത്രി, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ല, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ ആനന്ദ് മഹിന്ദ്ര, എസ്സാറിന്റെ ശശി റൂയ്യ, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സുമിത് മസുംദര്‍, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ജ്യോത്സ്ന സൂരി, അസ്സോച്ചമിന്റെ റാണാ കപൂര്‍ എന്നിവരും പങ്കെടുക്കും. ഇവര്‍ക്കൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും പങ്കെടുക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അരുന്തതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്കിന്റെ ചന്ദ കൊച്ചാര്‍ എന്നിവര്‍ക്കും യോഗത്തിലേക്കു ക്ഷണമുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ വ്യാവസായിക പ്രമുഖന്മാരും സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നത്. ആഗോള തലത്തിലുണ്ടായ സംഭവവികാസങ്ങളും ഇന്ത്യയിലെ അവസരങ്ങളും എന്നതാണ് യോഗത്തിന്റെ അജണ്ട. ജൂണ്‍ 30നായിരുന്നു അവസാന കൂടിക്കാഴ്ച.
Discussion about this post