ഡല്‍ഹി: അടുത്ത 6-7 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്കാന് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. തദ്ദേശീയമായി കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ ഗവേഷകരും ആരോഗ്യ വിദഗ്ധരുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഒരു കോടി കോവിഡ് കേസുകള്‍ പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഷ് വര്ധന് മന്ത്രിമാരുടെ യോഗം വിളിച്ചത്.
കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കുന്നതിന് അടുത്തെത്തിയതായും അദ്ദേഹം അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയാണ് കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഒരു കോടിയായത് ചൂണ്ടിക്കാട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.
95.5 ലക്ഷം പേര് രോഗമുക്തരായത് ഇന്ത്യയുടെ നേട്ടമാണ്. 95.46 ശതമാനം രോഗക്തിയാണ് ഇന്ത്യയിലുള്ളത്. ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കാണ്. രാജ്യത്തെ കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞിട്ടുണ്ട്. മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. നിലവില്‍ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. എങ്കിലും കോവിഡ് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Discussion about this post