തിരുവനന്തപുരം : നവോത്ഥാന സമിതിയില്‍ കലാപം തുടങ്ങി. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസും എസ്.എന്‍.ഡി.പിയും മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. സമിതി ചെയര്മാന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കണ്‍വീനര്‍ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും യോഗത്തില്‍ നിന്ന് വിട്ടുനിന്നെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സംവരണ ജാതി വിഭാഗങ്ങള്‍ ആശങ്കയിലാണ്.
അവരെ വിശ്വാസത്തിലെടുക്കാനോ അതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാനോ ഇടതുസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിട്ടു നിന്നവര്‍ പറയുന്ന കാരണം. മുന്നാക്ക സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട സംവരണ വിഭാഗങ്ങളുമായി ചര്‍ച്ച പോലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതേ സമയം നവോത്ഥാന സമിതിയെ ഇടതു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ കേരളയാത്രയില്‍ എല്ലായിടത്തും സംഭാഷണം നടത്തിയ മുന്നോക്ക സമുദായ വിഭാഗം മുഖ്യമന്ത്രി യോഗം വിളിച്ച ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
മുന്നോക്ക സംവരണം കൊടുത്തിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വരുമ്പോള്‍ എന്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തില്‍ സര്‍ക്കാരിനോട് ഒപ്പംനിന്ന് ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മക്ക് നേതൃത്വം നല്കിയ കെ.പി.എം.എസ് യോഗത്തില്‍ നിന്ന വിട്ടുനിന്നത് സമിതിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവും. പട്ടികജാതി പിന്നോക്ക സംഘടനയുടെ സാന്നിധ്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.പി.എം.എസ് നേതൃത്വം വിലയിരുന്നു.
അതിനാല്‍ സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായി നിലപാട് സ്വീകരിക്കാതെ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടിതില്ലെന്നാണ് കെ.പി.എം.എസ് നേതൃത്വത്തിന്റെ നിലപാട്.അതിനാല്‍ സംഘടനാ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് കെ.പി.എം.എസ് നവോത്ഥാന സമിതിയുടെ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മുന്നോക്ക സംവരണ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പിക്കും അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പി യോഗവും കെ.പി.എം.എസ് നേതൃത്വവും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു.
മുഖ്യമന്ത്രി കേരളയാത്രയുടെ തുടര്‍ച്ചയെന്ന നിലയിലാണ് നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. അതിലാകട്ടെ പ്രധാനപ്പെട്ട രണ്ട് സാമുദായിക സംഘടനകള്‍ പങ്കെടുത്തില്ലെന്നത് നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ പ്രധാനമാണ്. തെരഞ്ഞെടുപ്പില്‍ ദലിത് -ആദിവാസി സംഘടനകള്‍ ഭൂപ്രശ്നവും മുന്നാക്ക സംവരണവും ഉയര്‍ത്തി സ്വന്തം മാനിഫെസ്റ്റോ ഇരു മുന്നണികള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.
Discussion about this post