ഞാൻ അയാൾക്ക് ഉത്തരം നൽകാൻ അയാളാരാണ്? എന്റെ പ്രൊഫസറാണോ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കുറിച്ചുള്ള ശ്രീ. രാഹുൽ ഗാന്ധിയുടെ പരാമർശം ഒരേ സമയം അഹങ്കാരവും അല്പത്വവുമാണ്. നഡ്ഡ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാണ്. രാഹുൽ ഗാന്ധി മറ്റൊരു ദേശീയ പാർട്ടിയായ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷൻ ആയിരുന്നു. എന്നാൽ ഇപ്പോൾ വെറും ഒരു എം.പി. മാത്രവും. ചൈനയെ കുറിച്ച് എന്ത് വാർത്ത വന്നാലും ചോദ്യങ്ങൾ ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് നഡ്ഡ ചില ചോദ്യങ്ങൾ സമഭാവനയോടെ അങ്ങോട്ട് ചോദിച്ചു. ഉത്തരം പറയാൻ ബുദ്ധിമുട്ട് ആയത് കൊണ്ടായിരിക്കും അയാൾ ആരാണ് എന്ന് പുച്ഛ സ്വരത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ജെ. പി. നഡ്ഡ എങ്ങനെയാണ് ബി.ജെ.പി.യുടെ അഖിലേന്ത്യാ പ്രസിഡണ്ട് പദത്തിൽ എത്തിയത് എന്ന് ജന്മം കൊണ്ട് മാത്രം പ്രസിഡണ്ടാകാൻ യോഗ്യത നേടിയ രാഹുൽ ഗാന്ധി മനസ്സിലാക്കുന്നത് നന്നായിരിക്കും. ജനാധിപത്യത്തിൽ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നേതാവ് ആകേണ്ടത് എന്ന മഹത്തായ പാഠം നഡ്ഡയിൽ നിന്ന് രാഹുൽ ഗാന്ധി മാത്രമല്ല കോൺഗ്രസ്സുകാരും പഠിക്കേണ്ടതുണ്ട്.
————————————–
ശ്രീ. ഉമ്മൻ ചാണ്ടി കേരളം ബഹുമാനിക്കുന്ന നേതാവാണ്. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒരു ബിംബത്തെ പൊടി തട്ടി എടുക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഈ എൽ.ഡി.എഫ്. ഭരണകാലത്ത് ഒരു യോദ്ധാവിന്റെ വീര്യത്തോടെ കളം നിറഞ്ഞു നിന്നത് രമേശ് ചെന്നിത്തലയായിരുന്നു. അതേ സമയം ഉമ്മൻ ചാണ്ടിയിൽ നിന്ന് പിണറായി സർക്കാരിനു അലോസരം ഉണ്ടാക്കുന്ന ഒരു വർത്തമാനം പോലും ഉണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉമ്മൻ ചാണ്ടി മാന്യനാണ്. പക്ഷെ സി.പി.എമ്മിനെ പ്രതിരോധിക്കാൻ അദ്ദേഹം പോര. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഇപ്പോൾ തന്നെ തന്റെ ഭരണ കാലത്തെ നേട്ടങ്ങളാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. അത് പറഞ്ഞിട്ടാണല്ലൊ 2016 ൽ വോട്ട് ചോദിച്ചതും ജനങ്ങൾ നിരാകരിച്ചതും. ഇപ്പോൾ 2021 ൽ അത് തന്നെ ആവർത്തിച്ചാൽ ജനങ്ങൾ കേൾക്കുമോ? ഇപ്പോൾ പറയേണ്ടത് അഞ്ച് കൊല്ലത്തെ മാർക്സിസ്റ്റ് ഭരണത്തിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും അഴിമതിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് അത്ര വിലപ്പോകാത്തത് നോക്കണ്ട. അസംബ്ലി തെരഞ്ഞെടുപ്പിലാണ് അത് പ്രചരണ വിഷയം ആക്കേണ്ടത്. പക്ഷെ ഇപ്പോൾ നിരായുധരായ പ്രതിപക്ഷത്തെയാണ് കാണാൻ കഴിയുന്നത്.
കോവിഡിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തെ അതിവിദഗ്ദ്ധമായി പിണറായി വിജയൻ അടിച്ചമർത്തിയത് കൊണ്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ അമിത പ്രതീക്ഷ വെച്ചു പുലർത്തി അത് നടക്കാത്തത് കൊണ്ടും പരാജയഭീതി പൂണ്ട അവസ്ഥയിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നിലയിലാണ് ഒരു പ്രചരണ സമിതിയെ ഇപ്പോൾ കോൺഗ്രസ്സ് ഹൈക്കമാണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി അതിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ ഇത് വരെ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടു വന്ന ഭരണവിരുദ്ധ വികാരം തണുക്കുകയും അത് പിണറായി വിജയനു അനുകൂലമാവുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്.
കെ.പി സുകുമാരൻ
Discussion about this post