ഡൽഹി: 55 സെക്കൻഡിൽ ശിവതാണ്ഡവ സ്തോത്രമാലപിച്ച് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹി സ്വദേശി വിവാൻ ഗുപ്ത എന്ന എട്ട് വയസ്സുകാരൻ. ഏറ്റവും വേഗത്തിൽ ശിവതാണ്ഡവ സ്തോത്രം ആലപിക്കുന്ന പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡാണ് വിവാൻ സ്വന്തമാക്കിയിരിക്കുന്നത്.
ശിവതാണ്ഡവ സ്തോത്രത്തിലെ പതിനഞ്ച് ശ്ലോകങ്ങളും വെറും 55 സെക്കൻഡും 29 മില്ലിസെക്കൻഡും എടുത്താണ് വിവാൻ ചൊല്ലി തീർത്തത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലാണ് വിവാന്റെ പ്രകടനം ഇടം നേടിയത്. പീതാംപുരയിലെ ബാൽ ഭാരതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് വിവാൻ.
ഭഗവാൻ ശിവനെ സ്തുതിച്ചു കൊണ്ട് ശിവന്റെ പരമ ഭക്തനായ രാവണൻ രചിച്ച് ആലപിച്ചതാണ് സങ്കീർണ്ണവും മനോഹരവുമായ ശിവതാണ്ഡവ സ്തോത്രം. തന്റെ മുത്തശ്ശി ജപിക്കുന്നത് കേട്ടിട്ടാണ് വിവാൻ ആദ്യമായി ഇതിൽ ആകൃഷ്ടനാകുന്നത്. ഉടൻ തന്നെ സ്വയം പരിശീലനം ആരംഭിച്ച വിവാൻ പിന്നീട് ഇത് തെറ്റ് കൂടാതെ നിത്യേന ജപിക്കാൻ ആരംഭിക്കുകയായിരുന്നു.
സങ്കീർണ്ണമായ വാക്കുകൾ ഹൃദിസ്ഥമാക്കാൻ മാത്രമല്ല, വേഗത്തിൽ അവ ഉച്ചരിക്കാനും വിവാന് കഴിയുമെന്ന് തിരിച്ചറിഞ്ഞത് വിവാന്റെ മുത്തച്ഛനാണ്. അദ്ദേഹത്തിന്റെ പ്രചോദനവും പ്രോത്സാഹനവുമാണ് ഈ നേട്ടം സ്വന്തമാക്കാൻ വിവാനെ പ്രേരിപ്പിച്ചത്.
ചെറുമകൻ റെക്കോർഡ് ബുക്കിൽ ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് വിവാന്റെ മുത്തച്ഛൻ അനിൽ ഗുപ്ത പറഞ്ഞു. വിവാന്റെ കഠിനാദ്ധ്വാനത്തിന് കിട്ടിയ അംഗീകാരത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ വൻകരകളിലും സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് എട്ടാം വയസ്സിൽ സ്വന്തമാക്കിയ വിവാൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം നേടിയിരുന്നു.
Discussion about this post