ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ലിക്വിഡ് ഓക്സിജൻ ഉദ്പാദകരായ ഇനോക്സ് എയർ പ്രോഡക്ട്സ്. ഉദ്പാദനമല്ല, വിതരണത്തിലെ കാലതാമസമാണ് മിക്കയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഇനോക്സ് എയർ പ്രോഡക്ട്സ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ ഓക്സിജൻ ഉദ്പാദിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിലവിൽ ഓക്സിജന്റെ ആവശ്യം നല്ല തോതിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യമുള്ള ഓക്സിജന്റെ നല്ലൊരു ഭാഗം ഇവിടങ്ങളിൽ നിന്നും എത്തിക്കാൻ സാധിക്കും. എന്നാൽ ഗതാഗത സൗകര്യങ്ങളിലെ പരിമിതിയാണ് പ്രശ്നമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ആന്ധ്രാ പ്രദേശ്, ജാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണ്. ക്രയോജനിക് ടാങ്കറുകളിൽ ഓക്സിജൻ കയറ്റി റെയിൽവേ മുഖേന വിതരണ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഗുണം ചെയ്യും. എന്നാൽ അത് മാത്രം മതിയാകില്ലെന്നാണ് വിവരം.
ഈ സാഹചര്യത്തിലാണ് സൈന്യത്തെ രംഗത്തിറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. വ്യോമസേനയുടെ എയർലിഫ്റ്റിംഗ് സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്.
കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ വ്യോമസേനയും ഭാഗമാകുകയാണ്. ആരോഗ്യ പ്രവർത്തകരെയും ഒപ്പം മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും രാജ്യമെമ്പാടുമുള്ള കൊവിഡ് ആശുപത്രികളിൽ എത്തിക്കാൻ നിർദ്ദേശം ലഭിച്ചു കഴിഞ്ഞതായും പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തെ കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് സായുധ സേനകളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം സദാ സന്നദ്ധരായിരിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകി.
Discussion about this post