പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്താൽ കടുത്ത ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്സിജന്‍ ഉത്പാദനം 200 മെട്രിക് ടണ്ണാണ്. പ്രതിദിന രോഗവ്യാപനം മുപ്പതിനായിരം കടന്നതോടെ 100 മെട്രിക് ടണ്‍ ഓക്സിജനാണ് ആവശ്യമായി വരുന്നത്.
ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജനില്‍ 160 മെട്രിക് ടണ്ണും പാലക്കാട് കഞ്ചിക്കോട്ടുള്ള ഗുജറാത്ത് കമ്പനിയായ ഇനോക്സ് എയര്‍ പ്രോഡക്ടിന്റെ വകയാണ്. ഇവര്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും ഓക്സിജന്‍ നല്‍കുന്നുണ്ട്. ക്ഷാമം നേരിട്ടാല്‍ ഈ കമ്പനിയില്‍നിന്നു കൂടുതല്‍ ഓക്സിജന്‍ ആവശ്യപ്പെണ്ടേിവരും.
സംസ്ഥാനത്ത് വന്‍ തോതില്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഒരേയൊരു സ്ഥാപനം ഇനോക്സ് മാത്രമാണ്. ചവറ കെ.എം.എം.എല്‍ – ആറ് മെട്രിക് ടണ്‍, കൊച്ചിന് ഷിപ്യാര്ഡ്-അഞ്ച് മെട്രിക് ടണ്‍, കൊച്ചിന് റിെഫെനറി- മൂന്ന് മെട്രിക് ടണ്‍ എന്നിങ്ങനെയാണു മറ്റു സ്ഥാപനങ്ങള്‍. ഇവയും ട്രാവന്‍കൂര്‍ ഓക്സിജന്‍ മാവേലിക്കരയും, വിവിധ മെഡിക്കല്‍ കോളജുകളിലെ പ്ലാന്റുകളും ചേര്‍ന്നാണ് 40 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിവിധ മെഡിക്കല്‍ കോളജുകളിലേക്ക് അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പ്രശ്നം രൂക്ഷമാക്കുന്നു.
ഓക്സിജന്‍ സിലിണ്ടറുകളുടെ അപര്യാപ്തതയാണ് വേറൊരു പ്രശ്നം. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അടക്കം വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന ഓക്സിജന്‍ ക്ഷാമത്തിന്റെ യഥാര്‍ഥ കാരണവും ഇതാണ്. പലപ്പോഴും ആകെയുള്ള സിലിണ്ടറുകളുടെ 30 ശതമാനവും പുറത്തായിരിക്കും.
ഇവ യഥാസമയം തിരിച്ചെത്താറില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ സംസ്ഥാനത്ത് ആരോഗ്യ ആവശ്യത്തിന് 40 മെട്രിക് ടണ്‍ ഓക്സിജന്റെ ആവശ്യമാണ് വരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നിലവില്‍ 100 ടണ്ണിലധികം ഓക്സിജന്‍ ആവശ്യമായി വരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തനിവാരണ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ ഉപയോഗിക്കുന്നതു നിരോധിച്ചു കൊണ്ട് കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി. മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ സിലിണ്ടറുകളും ഡീലര്‍മാര്‍ നാളെ വൈകിട്ട് അഞ്ചിനകം ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറണമെന്ന് ഉത്തരവിലുണ്ട്. നിശ്ചിത സമയത്തിനകം സിലിണ്ടറുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.
Discussion about this post