ഡല്‍ഹി: ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ചൈന പിന്‍വലിച്ചു. പകരം പുതിയ പട്ടാളക്കാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ ഇന്ത്യയുമായി ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ 50,000 പട്ടാളക്കാരെ ചൈന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഉയര്‍ന്ന മേഖലയായതിനാലും അതിശൈത്യമായതിനാലുമാണ് ചൈന തങ്ങളുടെ പട്ടാളക്കാരെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
ലഡാക്കിന് പുറമെ പാംഗോങ് തടാകത്തിന് സമീപത്തെ ചൈനീസ് പട്ടാളക്കാരും വെല്ലുവിളി നേരിടുന്നുണ്ട്. ഇവിടെ ചൈന തങ്ങളുടെ പട്ടാളക്കാരെ ദിവസേന മാറ്റുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അതിശൈത്യത്തിലും നിലയുറപ്പിക്കുന്നതില്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് പരിചയക്കുറവുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലെ യുദ്ധതന്ത്രങ്ങളിലും ഇന്ത്യ തന്നെയാണ് ഒരുപടി മുന്നില്‍. ഏതുതരം ഭൂപ്രകൃതിയിലും കാലാവസ്ഥയിലും യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ സൈനികര്‍ ശാരീരികമായും മാനസികമായും പരിശീലനം ലഭിച്ചവരാണ്. ചൈനയെ അപേക്ഷിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ 2 വര്‍ഷമാണ് ഇന്ത്യയുടെ സൈനികര്‍ കഴിയുന്നത്. പ്രതിവര്‍ഷം 40 മുതല്‍ 50 ശതമാനം സൈനികരെ മാത്രമാണ് ഇന്ത്യ മാറ്റുന്നത്.
Discussion about this post