തൃശ്ശൂർ: 2020 ജനുവരി 6 നാണ് തൃശ്ശൂർ മുല്ലശ്ശേരി സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 15-ാം ദിവസം മകളെ നഷ്ടപ്പെട്ടതാണ് തൃശ്ശൂർ മുല്ലശ്ശേരിയിലെ സുബ്രഹ്മണ്യനും ശ്രീദേവിക്കും. ശ്രുതി കുഴഞ്ഞു വീണു മരിച്ചെന്നാണ് ഭര്‍ത്താവ് അരുണ്‍ അറിയിച്ചത്. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തിയിരുന്നു. ജനകീയ സമിതിയുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് 10 മാസമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
2019 ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 2020 ജനുവരി 6ന് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടില്‍ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അരുണിന്റെ വീട്ടുകാര്‍ ശ്രുതിയുടെ കുടുംബത്തെ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിൻറെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തിയതോടെ മരണത്തിൽ സംശയം ഉയർന്നു. ശ്രുതിയുടേത് സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കൾ.
തുടക്കത്തില്‍ അന്തിക്കാട് പൊലീസ് അന്വേഷിച്ച കേസ് ജനകീയ സമിതിയുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് 10 മാസം മുമ്പ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍ തങ്ങളുടെ മൊഴിയെടുത്തത് പോലും ഏറെ വൈകിയാണെന്ന് ശ്രുതിയുടെ കുടുംബത്തിന് പരാതിയുണ്ട്. കൊവിഡും ലോക്ഡൗണും മൂലമാണ് അന്വേഷണം വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കുറ്റാരോപിതരുടെ നുണ പരിശോധന നടത്താൻ കോടതിയെ സമീപിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
Discussion about this post