തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയും ഞായറും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ശക്തമായോ അതിശക്തമായോ മഴ പെയ്യാം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കും.
വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
64.5 മുതല്‍ 115.5 മി.മീറ്റര്‍ വരെ മഴ പെയ്യാം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം.
Discussion about this post