ഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക വിന്യാസം തുടരുകയും നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനാൽ ഇന്ത്യയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനെ.
ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവർ അവിടെ തുടരുമെന്ന സൂചനയാണ് നൽകുന്നത്. ചൈനക്കാർ അവിടെ തുടർന്നാൽ നമുക്കും തുടരേണ്ടി വരും. ചൈനക്കാർ ചെയ്യുന്നതിനെക്കാൾ മികച്ച രീതിയിൽ നമുക്കും നിർമ്മാണ – വികസന പ്രവർത്തനങ്ങൾ നടത്തേണ്ടി വരും. ഈ തണുപ്പുകാലത്തും ചൈന സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നുണ്ടോ എന്ന് കർശന നിരീക്ഷണം വേണം.
‘ഇന്റലിജൻസ്, സൈനിക നിരീക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മനസിലാക്കാൻ അതിർത്തിയിലെ സാഹചര്യങ്ങൾ ഉപകരിച്ചു. ഭാവിയിൽ നടപ്പാക്കാനിരുന്ന സേനയിലെ ആധുനികവത്ക്കരണം ഉടൻ നടപ്പിലാകും. താലിബാൻ ഭരണത്തിൽ വന്നതിനാൽ അഫ്ഗാൻ വംശജരായ ഭീകരർ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള സാധ്യതയുണ്ട് . മുമ്പും അതു സംഭവിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സായുധസേന സജ്ജമാണ്. ജമ്മു കാശ്മീരിലെ ഉൾപ്രദേശങ്ങളിൽ വരെ ഭീകര പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ ഇന്ത്യൻ സേനയ്ക്കുണ്ട്’- നരവനെ പറഞ്ഞു.
Discussion about this post